d

കോഴിക്കോട്: സാമൂഹിക പ്രതിബദ്ധതയാണ് മറ്ര് വ്യവസായികളിൽ നിന്ന് ഗോകുലം ഗോപാലനെ വ്യത്യസ്തനാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് പൗരാവലിയും ഓൾ ഇന്ത്യ മലയാളി അസോസിയേഷനും സംയുക്തമായി ഗോകുലം ഗോപാലന് നൽകിയ ആദരവ് 'സുകൃതപഥം' ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മറ്റുള്ളവരെയും നാടിനെയും സഹായിക്കാനും സംരക്ഷിക്കാനുമാണ് തന്റെ സംരംഭങ്ങളെ അദ്ദേഹം കാണുന്നത്. അദ്ദേഹത്തിന്റെ വഴികൾ പുതുതലമുറയ്ക്ക് പാഠമാണ്. ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം, വിനോദം, സിനിമ തുടങ്ങി അദ്ദേഹത്തിന്റെ കൈയൊപ്പില്ലാത്ത മേഖലകളില്ല. വിദ്യാഭ്യാസ മേഖലയിൽ എണ്ണപ്പെട്ട സംഭാവനകളാണ് നൽകുന്നത്. പ്രളയം, കൊവിഡ് , വയനാട് ദുരന്തം തുടങ്ങി നാട് പ്രതിസന്ധിയിലായപ്പോഴെല്ലാം അദ്ദേഹം താങ്ങായെത്തി. നമ്മളെ രൂപപ്പെടുത്തിയ വേരുള്ള ജന്മനാട് നൽകുന്ന ആദരവാണ് പ്രധാനമെന്നും അവിടെ നിന്നുള്ള അംഗീകാരം വിലമതിക്കാനാവാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ ഗോകുലം ഗോപാലനെ മുഖ്യമന്ത്രി പൊന്നാട അണിയിച്ചു. നാടിന്റെ ആദരവായി മൊമന്റോ കെെമാറി. മലയാള ചലച്ചിത്ര വേദിക്ക് പുതുവസന്തം നൽകിയ വ്യക്തിത്വമാണ് ഗോകുലം ഗോപാലനെന്ന് മുഖ്യാതിഥിയായ കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. കലാകാരന്റെ ക്രിയാത്മക പ്രവർത്തനങ്ങൾക്ക് എന്നും വലിയ പ്രാധാന്യമാണ് അദ്ദേഹം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം, എം.കെ രാഘവൻ എം.പി, പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ .മുഹമ്മദ് റിയാസ്, സംവിധായകൻ ഹരിഹരൻ, ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി, എം.പി അഹമ്മദ് (മലബാർ ഗ്രൂപ്പ് ചെയർമാൻ), പട്ടാഭിരാമൻ (കല്യാൺ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ), ശ്രീകണ്ഠൻ നായർ, ഡോ. എ.വി. അബു, കെ.ആർ.മനോജ്‌ തുടങ്ങിയവർ പ്രസംഗിച്ചു. 'സുകൃതപഥം' വർക്കിംഗ് ചെയർമാൻ എ.കെ. പ്രശാന്ത് സ്വാഗതവും ജനറൽ കൺവീനർ രവീന്ദ്രൻ പൊയിലൂർ നന്ദിയും പറഞ്ഞു. സിനിമ, സംഗീത രംഗത്തുള്ളവർ പങ്കെടുത്ത കലാസന്ധ്യയും അരങ്ങേറി.