road
പൂർണമായും തകർന്ന് കിടക്കുന്ന പുൽപ്പള്ളി പഞ്ചായത്തിലെ മാരപ്പൻമൂല രാജീവ് നഗർ കോളനിയിലേയ്ക്കുള്ള റോഡ്

പുൽപ്പള്ളി: പഞ്ചായത്തിലെ മാരപ്പൻമൂല രാജീവ് നഗർ കോളനിയിലേയ്ക്കുള്ളറോഡ് പൂർണമായും തകർന്നിട്ടും നന്നാക്കാൻ നടപടിയില്ല. 15 വർഷം മുമ്പാണ് ഏറ്റവുമൊടുവിൽറോഡ് ടാർ ചെയ്തത്. ഇപ്പോൾ റോഡിൽ ടാറിന്റെ അംശംപോലും കാണാൻ കഴിയാത്ത അവസ്ഥ. പുൽപ്പള്ളി ടൗണിനടുത്തെ ചേരിപ്രദേശത്ത് നിന്നും വർഷങ്ങൾക്ക് മുമ്പ് പുനരധിവസിപ്പിച്ച കുടുംബങ്ങളാണ് ഈ പ്രദേശത്ത് കൂടുതലായുള്ളത്. ഇവിടെ നാൽപതോളം കുടുംബങ്ങളാണ് താമസിക്കുന്നത്. രോഗികളും വയോജനങ്ങളുമടക്കം പല വീടുകളിലുമുണ്ട്. എന്നാൽ ഇവിടേയ്ക്കുള്ള റോഡ് നന്നാക്കുന്ന കാര്യത്തിൽ പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് യാതൊന്നും ചെയ്യുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. പഞ്ചായത്തിൽ ഇത്രയധികം തകർന്ന മറ്റൊരു റോഡ്‌ വേറെ എവിടെയും ഇല്ലെന്നും ഇവർ പറഞ്ഞു. റോഡിന്റെ 200 മീറ്ററോളം ഭാഗമാണ് ഗതാഗതയോഗ്യമല്ലാത്തത്. ഈ വഴിക്ക് ഓട്ടോറിക്ഷ പോലും വിളിച്ചാൽ വരില്ല. റോഡ് നന്നാക്കാൻ ബന്ധപ്പെട്ട അധികൃതരോട് അറിയിച്ചെങ്കിലും യാതൊരു ഫലവുമില്ലെന്നാണ് ഇവർ പറയുന്നത്.

പൂർണമായും തകർന്ന് കിടക്കുന്ന പുൽപ്പള്ളി പഞ്ചായത്തിലെ മാരപ്പൻമൂല രാജീവ് നഗർ കോളനിയിലേയ്ക്കുള്ള റോഡ്