ദിവസം 10 പോസ്റ്റ്മോർട്ടം
ജീവനക്കാർ ഏഴുപേർ മാത്രം
മൃതദേഹം സൂക്ഷിക്കുന്ന രണ്ട്കോൾഡ് സ്റ്റോറേജുകളിൽ ഒന്ന് പ്രവർത്തനരഹിതം
കോഴിക്കോട്: പോസ്റ്റ്മോർട്ടം കേസുകൾ കൂടുമ്പോഴും ആവശ്യത്തിന് ജീവനക്കാരില്ലാതെ മെഡിക്കൽ കോളേജ് മോർച്ചറി. ദിവസേന പോസ്റ്റുമോർട്ടം ചെയ്യുന്നത് ശരാശരി പത്തുമുതൽ പതിനഞ്ച് വരെ മൃതദേഹങ്ങളാണ്. എന്നാൽ ഡോക്ടർമാരെ കൂടാതെ ഇവിടെ ആകെയുള്ളത് ഏഴുപേർ മാത്രം. ഫോറൻസിക് വിഭാഗത്തിലടക്കം 1965-ലെ പഴയ സ്റ്റാഫ് പാറ്റേൺ തുടരുന്നതാണ് ജീവനക്കാരുടെ ക്ഷാമത്തിന് പ്രധാന കാരണം. മുമ്പ് മോർച്ചറിയിൽ വർഷംതോറും 600 മൃതദേഹങ്ങളാണ് പോസ്റ്റ്മോർട്ടത്തിന് എത്തിയിരുന്നതെങ്കിൽ ഇപ്പോൾ 2000 കവിഞ്ഞു. ഇതിനനുസരിച്ച് ജീവനക്കാരും സൗകര്യങ്ങളും വർദ്ധിപ്പിക്കാത്തതിനാൽ ജോലിഭാരം കൂടുന്ന സ്ഥിതിയാണ്. ഇതോടെ മൃതദേഹം വിട്ടുകിട്ടാൻ മണിക്കൂറുകളാണ് ബന്ധുക്കൾ കാത്തിരിക്കേണ്ടി വരുന്നത്.
ജീവനക്കാരില്ല, സൗകര്യവും
മൂന്ന് ഡോക്ടർമാർ, ഒരു മോർച്ചറി ടെക്നീഷ്യൻ, ഒരു അറ്റൻഡർ എന്നിങ്ങനെയാണ് ഒരോ പോസ്റ്റുമോർട്ടം ടേബിളിനും വേണ്ടത്. എന്നാൽ ഇവിടെ രണ്ട് അറ്റൻഡർമാർ, ഒരു മോർച്ചറി ടെക്നീഷ്യൻ, ഒരു ലാബ് ടെക്നീഷ്യൻ, മൃതദേഹം വാങ്ങിവയ്ക്കുന്ന മൂന്ന് അറ്റൻഡർമാർ മാത്രമാണുള്ളത്. മൂന്നു മോർച്ചറി ടേബിളുകളിലും ഒരേ സമയം മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി എത്തിയാൽ ആകെയുള്ള ഒരു ടെക്നീഷ്യൻ നെട്ടോട്ടമോടണം. ഈ പോസ്റ്റിൽ താത്കാലിക നിയമനം മാത്രമാണുള്ളത്. മോർച്ചറിക്കുള്ളിലേക്ക് വിടുന്ന മൃതദേഹം ടേബിളിലെത്തിയശേഷം സാധാരണനിലയിൽ ഒരുമണിക്കൂറിനുള്ളിൽ പോസ്റ്റുമോർട്ടം പൂർത്തിയാകും. എന്നാൽ ആളില്ലാത്തതിനാൽ മണിക്കൂറുകളോളം നീളുന്ന സ്ഥിതിയാണ്. ജീവനക്കാരുടെ എണ്ണം മൂന്നിരട്ടിയെങ്കിലും വർദ്ധിപ്പിച്ചാൽ മാത്രമേ ജോലിഭാരം കുറയ്ക്കാനും ബന്ധുക്കളുടെ കാത്തിരിപ്പ് കുറയ്ക്കാനും കഴിയൂ എന്നാണ് ജീവനക്കാർ പറയുന്നത്. മൃതദേഹം സൂക്ഷിക്കുന്ന രണ്ട്കോൾഡ് സ്റ്റോറേജുകളിൽ ഒന്നു പ്രവർത്തനരഹിതമായിട്ട് മാസങ്ങളായി. ഇതോടെ അജ്ഞാത മൃതദേഹങ്ങൾ സൂക്ഷിക്കാനിടമില്ലാത്ത സ്ഥിതിയാണ്. രണ്ട് കോൾഡ് സ്റ്റോറേജുകളിലായി 35 മൃതദേഹങ്ങളാണ് സൂക്ഷിക്കാനാകുന്നത്. ആശുപത്രിയിൽ നിന്ന് മൃതദേഹങ്ങൾ മോർച്ചറിയിൽ നേരിട്ടെത്തിക്കാനും ബന്ധുക്കൾക്ക് വിട്ടുകൊടുക്കാനും വേണ്ടത്ര സൗകര്യമില്ല.
എന്ന് വരും, മോർച്ചറി കോംപ്ലക്സ്
പുതിയ മോർച്ചറി കോംപ്ലക്സ് സ്ഥാപിക്കുന്നതിനായി സമർപ്പിച്ച റിപ്പോർട്ടും ഫയലിൽ തന്നെ. രണ്ടുകോടി ചെലവിലാണ് ആധുനിക സൗകര്യങ്ങളോടെയുള്ള മോർച്ചറി നിർമ്മിക്കാൻ വർഷങ്ങൾക്ക് മുമ്പ് റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. നിലവിലുള്ള മോർച്ചറിയുടെ സമീപമായാണ് പുതിയ കോപ്ലക്സ് പണിയാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ പദ്ധതി എവിടെയുമെത്തിയില്ല. റിട്ടയർ ചെയ്ത ഡോ. ഷെർളി വാസു ഫോറൻസിക് വിഭാഗം മേധാവിയായ അവസരത്തിലാണ് മോർച്ചറി നവീകരണത്തിന് പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നത്.