കോഴിക്കോട്: ദീപാവലിക്ക് രണ്ടു ദിവസം മാത്രം അവശേഷിക്കെ നഗരത്തിലെ ബേക്കറിക്കടകളിൽ ചെറുതും വലുതുമായ ദീപാവലി പലഹാരപ്പെട്ടികൾ റെഡി. ദിവസങ്ങൾക്ക് മുമ്പ് തന്നെ കൊതിയൂറും വിഭവങ്ങളുമായി ദീപാവലിക്കായുള്ള തയ്യാറെടുപ്പിലായിരുന്നു കച്ചവടക്കാർ. തെക്കൻ കേരളത്തിൽ പടക്കമാണ് ദീപാവലിക്ക് പ്രധാനമെങ്കിൽ വടക്കോട്ട് അത് മധുരപലഹാരങ്ങളാണ്.
ഉത്തരേന്ത്യൻ ദീപാവലി പലഹാരങ്ങളായ ബർഫി, ബേസൻ ലഡു, രസ്മലായ് തുടങ്ങിയവയ്ക്ക് ആവശ്യക്കാർ ഏറെയാണ്. പ്രധാനമായും പാലും, നെയ്യും ഉപയോഗിച്ചാണ് ഈ പലഹാരങ്ങൾ ഉണ്ടാക്കുന്നത്. നഗരത്തിലെ കടകളിലേക്ക് ഇവ പാകപ്പെടുത്തി നൽകുന്നത് കോഴിക്കോട്ടെ താമസക്കാരായ ഉത്തരേന്ത്യൻ തൊഴിലാളികളാണ്. കിലോയ്ക്ക് 300 മുതൽ 1000 രൂപവരെയാണ് പലഹാരപ്പെട്ടികളുടെ വില. പലഹാരങ്ങളുടെ ഗുണനിലവാരമനുസരിച്ച് വിപണിവിലയിലും വ്യത്യാസങ്ങളുണ്ട്.
വർഷം തോറും നല്ല രീതിയിലുള്ള വിറ്റുവരവാണ് ഈ സീസണിൽ ഉണ്ടാകുന്നത്. ഈ വർഷവും ആവശ്യക്കാരുടെ വലിയ തിരക്കുണ്ടെന്ന് മിഠായിതെരുവിലെ ശങ്കരൻ ബേക്കറി ഉടമ ഋഷി കടപ്പമണ്ണിൽ പറയുന്നു. കൊവിഡിന് ശേഷം വലിയതോതിൽ കച്ചവടം നടക്കുന്നത് ഇത്തരം ആഘോഷസമയങ്ങളിലാണെന്നും, ഓണത്തിനുശേഷം ബേക്കറി വിപണി വീണ്ടും സജീവമാകുന്നതിൽ പ്രതീക്ഷയുണ്ടെന്നും കച്ചവടക്കാർ പറഞ്ഞു.