
കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ വടകര മണ്ഡലത്തിൽ പ്രചരിച്ച 'കാഫിർ' സ്‌ക്രീൻ ഷോട്ട് കേസിൽ ആരോപണ വിധേയനായ ഡി.വൈ.എഫ്.ഐ നേതാവും സ്കൂൾ അദ്ധ്യാപകനുമായ റിബേഷ് രാമകൃഷ്ണനെതിരെ വീണ്ടും വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്. നേരത്തെ നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്ന
റിപ്പോർട്ടിനെ തുടർന്നാണ് നടപടി. വ്യക്തതയില്ലാത്ത റിപ്പോർട്ട് നൽകിയ തോടന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്കാണ് വീണ്ടും അന്വേഷണ ചുമതല.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗീയ ചുവയുള്ള സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് റെഡ് എൻകൗണ്ടേഴ്‌സ് വാട്സാപ് ഗ്രൂപ്പിൽ ആദ്യം പങ്കു വച്ചത് റിബേഷാണെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോർട്ടുണ്ടായിരുന്നു. തുടർന്ന് ആറങ്ങോട്ട് എം.എൽ.പി സ്കൂൾ അദ്ധ്യാപകനായ റിബേഷിനെതിരെ വകുപ്പ് തല നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിൽ നൽകിയ പരാതിയിൽ ആഴ്ചകളായിട്ടും നടപടിയെടുത്തിരുന്നില്ല. ഒടുവിൽ യു.ഡി.എഫ് ഘടകകക്ഷികൾ പ്രതിഷേധം ശക്തമാക്കിയതോടെയാണ് അന്വേഷണത്തിന് തയ്യാറായത്. വ്യാജ സ്ക്രീൻഷോട്ടയച്ച സി.പി.എം അനുകൂല ഗ്രൂപ്പായ റെഡ് എൻകൗണ്ടറിന്റെ അഡ്മിനും കൂടിയാണ് റിബേഷ്.
സി.പി.എം
സമ്മേളനത്തിൽ
ബഹിഷ്കരണം
തിരുവല്ല : ഇന്നലെ നടന്ന സി.പി.എം പരുമല ലോക്കൽ സമ്മേളനം വിഭാഗീയതയെ തുടർന്ന് അലങ്കോലമായി. ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവും ഏരിയ സെക്രട്ടറിയുടെ ചുമതലയുള്ള സതീഷ് കുമാറും യോഗത്തിൽ പങ്കെടുത്തിരുന്നു. ഭൂരിപക്ഷ തീരുമാനം അട്ടിമറിച്ച് ഷിബു വർഗീസിനെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്തതിനെ ചൊല്ലിയായിരുന്നു ബഹളം.
പ്രതിഷേധത്തെ തുടർന്ന് 52 പ്രതിനിധികളിൽ 36 പേരും ഇറങ്ങിപ്പോയി. മുൻ ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി.ആന്റണിയുടെ അനുകൂലികളാണ് സമ്മേളനം ബഹിഷ്കരിച്ചത്. ഇരു വിഭാഗവും തമ്മിൽ ഏറെനാളായി തർക്കമുണ്ട്.