
വടകര: സി.പി.എം വടകര ഏരിയാ സമ്മേളനത്തിൽ ഔദ്യോഗിക പാനലിനെതിരെ മത്സരം. മണിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷ്റഫ്, സി.ഐ.ടി.യു നേതാവ് വേണു കക്കട്ടിൽ, നടക്കുതാഴ ലോക്കൽ കമ്മിറ്റി സെക്രട്ടറി വത്സൻ, പൊൻമേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.പി. ദാമോദരൻ എന്നിവരാണ് ഔദ്യോഗിക പാനലിനെതിരെ മത്സരിച്ചത്.
ഇതുസംബന്ധിച്ച് സമ്മേളനത്തിൽ പങ്കെടുത്ത ജില്ലാ സെക്രട്ടറി പി.മോഹനൻ വൈകാരികമായി പ്രസംഗിച്ചെങ്കിലും മത്സരിച്ചവർ പിന്മാറാൻ തയ്യാറായില്ല. ഏരിയാ കമ്മിറ്റിയിൽ വിഭാഗീയതയുണ്ടാക്കാനുള്ള ചിലരുടെ ശ്രമം പാർട്ടിയുടെ ശ്രദ്ധയിലുണ്ടെന്ന് മോഹനൻ പറഞ്ഞു. ഔദ്യോഗിക പാനൽ വിജയിച്ചെങ്കിലും അതിൽ ചിലരുടെ വോട്ട് ഗണ്യമായി കുറഞ്ഞു.
പ്രതിനിധി ചർച്ചകളിൽ ഏരിയാ നേതൃത്വത്തിനെതിരെ കാഫിർ സ്ക്രീൻ ഷോട്ട് വിഷയത്തിലടക്കം ശക്തമായ വിമർശനവും ഉയർന്നു. ഏരിയാ സെക്രട്ടറിയടക്കം കമ്മിറ്റിയിലെ പലരും ജനങ്ങളിൽ നിന്ന് അകന്നുവെന്നും ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്നില്ലെന്നും വിമർശനമുണ്ടായി.