 
കോഴിക്കോട്: നഗരത്തിലെ കലാസാംസ്കാരിക പരിപാടികളുടെ പ്രധാനവേദിയായിരുന്ന ടാഗോർ ഹാൾ നവീകരണം വേഗത്തിലാക്കാൻ കോർപ്പറേഷൻ. കെട്ടിടം പൊളിച്ചുപണിയാൻ തിരഞ്ഞെടുക്കപ്പെട്ട ഡി .എർത്ത് ആർക്കിടെക്ട് കമ്പനി 67,75,46,108 കോടിയുടെ എസ്റ്രിമേറ്റ് ഭരണാനുമതിയ്ക്കായി കോർപ്പറേഷന് സമർപ്പിച്ചു. കമ്പിനി സമർപ്പിച്ച വിശദ പദ്ധതിരേഖ (ഡി.പി.ആർ) കോർപ്പറേഷൻ നേരത്തേ അംഗീകരിച്ചതാണ്. 26 നാണ് കമ്പനി എസ്റ്റിമേറ്റ് ധനകാര്യസ്ഥിരം സമിതി മുമ്പാകെ സമർപ്പിച്ചത്. ഇത് സംബന്ധിച്ച അജണ്ടകളിൽ നാളെ നടക്കുന്ന കോർപ്പറേഷൻ കൗൺസിൽ അടിയന്തര തീരുമാനമെടുക്കും. കൗൺസിൽ അനുമതി നൽകുന്നതോടെ പദ്ധതി പ്രവർത്തനങ്ങൾക്ക് തുടക്കമാകും. പദ്ധതി തുക ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ലോൺ എടുക്കുന്നതിനും വാർഷിക പദ്ധതിയിലുൾപ്പെടുത്തുന്നതും കൗൺസിലിന്റെ പരിഗണനയിലുണ്ട്. ഒന്നര വർഷമായി ഹാൾ അടച്ചിട്ടിരിക്കുകയാണ്. നേരത്തെ കെട്ടിടം പൊളിക്കാൻ തീരുമാനിച്ചെങ്കിലും പ്രവൃത്തി നീളുകയായിരുന്നു. പഴയ കെട്ടിടം പൊളിച്ചുമാറ്റാനുള്ള കരാറിന് കോർപ്പറേഷൻ നേരത്തെ അനുമതി നൽകിയിരുന്നു. കെട്ടിടം പൊളിക്കാൻ 7.6 ലക്ഷം രൂപയ്ക്ക് ലേലം വിളിച്ച കെ.പി.എം ഓൾഡ് അയേൺ ട്രേഡേഴ്സിനാണ് അനുമതി.
ഉയരും, കോംപ്ലക്സ് മാതൃകയിൽ
1. ആധുനിക സൗകര്യങ്ങളോടെ മൂന്ന് നിലയിലായി കോംപ്ലക്സ് മാതൃകയിൽ കെട്ടിടം
2. 3000 പേർക്ക് ഇരിക്കാവുന്ന വിശാലമായ ഹാൾ
3. മിനി ഹാൾ
4. ഷോപ്പിംഗ് കോംപ്ലക്സ്
5. പ്രത്യേക ലോഞ്ചിംഗ് എരിയ
6.തിയേറ്ററും സാംസ്കാരിക പരിപാടികൾക്കുള്ള ഇടങ്ങൾ
 അടച്ചത് തകർച്ചയെത്തുടർന്ന്
തകർച്ച നേരിട്ടതിനെത്തുടർന്നാണ് ആയിരത്തോളം പേരെ ഉൾക്കൊള്ളുന്ന ടാഗോർ ഹാൾ ഒന്നര വർഷം മുമ്പ് അടച്ചത്. മതിയായ വൈദ്യുതി വിതരണ സംവിധാനമില്ലാത്തതിനാൽ എ.സി ഹാളിലെത്തുന്നവർ വിയർത്തൊഴുകുന്ന അവസ്ഥയായിരുന്നു. കസേരകൾ പൊളിഞ്ഞു. ഹാളിലെ അലങ്കാര വിളക്കുകളും പാനലുകളും ഇളകിവീണിരുന്നു. ഇലക്ട്രിക്കൽ പ്രശ്നം രൂക്ഷമായി ഷോക്കേൽക്കുന്ന സാഹചര്യമുണ്ടായതോടെയാണ് 2022ൽ ഹാളിൽ പരിപാടി നടത്തുന്നത് ഒഴിവാക്കിയത്. തുടർന്ന് ടാഗോർ ഹാൾ ഉൾപ്പെടെ കോർപ്പറേഷൻ കെട്ടിടങ്ങൾ പൊളിച്ചുപണിയാൻ 2023 ജനുവരിയിൽ കൗൺസിൽ യോഗം തീരുമാനിക്കുകയായിരുന്നു.
കൗൺസിൽ അനുമതി ലഭിക്കുന്നതോടെ മറ്റു കാര്യങ്ങളുമായി മുന്നോട്ടുപോകും. പദ്ധതി തുക കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്നു.
പി. ദിവാകരൻ,
ചെയർമാൻ,
കോർപ്പറേഷൻ സാമൂഹ്യക്ഷേമകാര്യ സ്ഥിരം സമിതി.