
ട്രെയിനിൽ കയറണമെങ്കിൽ ചില്ലറ അഭ്യാസങ്ങളൊന്നും പോരാ... പഠിച്ചപണി പതിനെട്ടും പയറ്റിയാലേ ട്രെയിനിൽ കയറിപ്പറ്റാനാകൂ. ഇതൊക്ക അറിയാവുന്ന സ്ഥിരം യാത്രക്കാർ എങ്ങനെയും കയറിപ്പറ്റാൻ ശ്രമിക്കുമ്പോൾ വല്ലപ്പോഴും ട്രെയിനിൽ പോകാമെന്ന് കരുതിയെത്തുന്നവരുടെ കാര്യമാണ് കഷ്ടം. എങ്ങനെയെങ്കിലും കയറിപ്പറ്റിയാലോ ഒറ്റക്കാലിൽ നിൽക്കാൻ പഠിക്കണം. തിക്കി തിരക്കുമ്പോൾ കെെ വിടാതെ പിടിച്ചു നിൽക്കണം. ഇങ്ങനെയൊയാണ് മലബാറുകാരുടെ ഒരു ദിവസത്തെ ട്രെയിൻയാത്ര. ജീവൻ കെെയിൽ പിടിച്ചുള്ള ഈ യാത്ര ദുരിതത്തിന് അറുതി വരുത്തണമെന്ന നിരന്തര പരാതികൾക്കൊടുവിലാണ് ഏറെ ആശ്വാസമെന്നവണ്ണം കണ്ണൂർ - ഷൊർണൂർ പാസഞ്ചർ പ്രതിദിന സർവീസായി നീട്ടി ദക്ഷിണ റെയിൽവേ ഉത്തരവിറക്കിയത്. ആഴ്ചയിൽ നാല് ദിവസം മാത്രമുണ്ടായിരുന്ന സർവീസ് പ്രതിദിന സർവീസായി ഡിസംബർ 31 വരെയാണ് തുടരുക. ഈ മാസം സർവീസ് അവസാനിക്കാനിരിക്കെ സർവീസ് നീട്ടിയുള്ള പ്രഖ്യാപനം വരാത്തത് യാത്രക്കാരിൽ ആശങ്ക ഉയർത്തിയിരിക്കുകയാണ്. നേരത്തെ ജൂലായിൽ സർവീസ് അവസാനിപ്പിക്കുമെന്ന് കരുതിയിരുന്ന ട്രെയിനാണ് ഘട്ടം ഘട്ടമായി സർവീസ് നീട്ടിനൽകിയത്. നവംബർ 1 മുതൽ സർവീസുകൾ ആരംഭിക്കും. കൂടാതെ പയ്യോളിയിൽ സ്റ്റോപ്പുമുണ്ട്. നേരത്തെ പയ്യോളിയിൽ രണ്ട് ദിവസം സ്റ്റോപ്പ് അനുവദിച്ചിരുന്നെങ്കിലും എടുത്തുകളയുകയായിരുന്നു. ട്രെയിൻ പ്രതിദിന സർവീസ് നടത്തുന്നതോടെ കാലുകുത്താൻ ഇടമില്ലാതെ ഷൊർണൂരിൽ നിന്ന് കോഴിക്കോട് കണ്ണൂർ യാത്രയ്ക്ക് അൽപ്പം ആശ്വാസം ലഭിക്കും.
ആശ്വാസം
പാസഞ്ചർ ട്രെയിനുകളുടെ എണ്ണം വെട്ടിക്കുറച്ചതും വന്ദേഭാരത് ട്രെയിനുകൾക്കായി മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നതും കോച്ചുകൾ വെട്ടിക്കുറച്ചതും യാത്രക്കാർക്ക് ഇരട്ടി പ്രഹരമായിരുന്നു. ഷൊർണൂർ-കണ്ണൂർ സ്‌പെഷ്യൽ പാസഞ്ചർ പ്രതിദിന സർവീസാക്കുന്നതോടെ യാത്രക്കാരുടെ തിക്കിത്തിരക്കിയുള്ള യാത്രയ്ക്ക് ആശ്വാസമാകും. കോഴിക്കോട് നിന്നും കണ്ണൂർ ഭാഗത്തേക്ക് വൈകുന്നേരം ആറിന് ശേഷം ട്രെയിനുകളില്ലാത്ത സ്ഥിതിയായിരുന്നു. ദിവസവും മംഗളൂരു-നാഗർകോവിൽ പരശുറാം എക്‌സ്‌പ്രസിലെ യാത്ര സ്ഥിരം യാത്രക്കാരെ സംബന്ധിച്ചിടത്തോളം പേടി സ്വപ്നമാണ്. കാലുകുത്താൻ ഇടമുണ്ടാകില്ല. വൈകീട്ട് 6.15-നുള്ള കോയമ്പത്തൂർ- കണ്ണൂർ എക്സ്‌പ്രസ് പോയാൽ പിന്നെ കണ്ണൂർ ഭാഗത്തേക്ക് രാത്രി 9.32 നുള്ള എക്‌സിക്യുട്ടീവ് എക്സ്‌പ്രസാണ്. വന്ദേഭാരത് വന്നതോടെ ഈ വണ്ടി പിടിച്ചിടുന്നത് പതിവായതോടെ എക്‌സിക്യുട്ടീവ് എക്സ്‌പ്രസ് കോഴിക്കോട്ട് എത്തുന്നത് ഒന്നര മണിക്കൂറോളം വൈകിയാണ്. 6.10ന് കോഴിക്കോടെത്തുന്ന നേത്രാവതി എക്‌സ്പ്രസിന് ആകെ രണ്ട് ജനറൽ കമ്പാർട്ടുമെന്റുള്ളതും സ്ഥിരം യാത്ര ചെയ്യുന്ന വിദ്യാർത്ഥികളുൾപ്പെടെയുള്ളവരെ പ്രയാസത്തിലാക്കുന്നതാണ്.
ആശങ്ക
കണ്ണൂരിനും ഷൊർണൂരിനുമിടയിൽ രാവിലെയും വൈകിട്ടുമുള്ള യാത്ര ദുരിതത്തിന് ഒരുപരിധിവരെ ആശ്വാസമായ ഷൊർണൂർ-കണ്ണൂർ എക്സ്പ്രസിന്റെ പുതിയ സമയമാറ്റം സ്ഥിരം യാത്രക്കാർക്ക് പൊല്ലാപ്പാകുവുകയാണ്. പുതുക്കിയ സമയക്രമവുമായി ട്രെയിൻ പ്രതിദിന സർവീസായി ഓടിത്തുടങ്ങുമ്പോൾ സ്ഥിരം യാത്രക്കാർക്ക് ട്രെയിൻ കിട്ടാതെ വരുന്ന സ്ഥിതിയാകുമെന്ന് യാത്രക്കാരുടെ സംഘടനയായ മലബാർ ട്രെയിൻ പാസഞ്ചേഴ്‌സ് ഫോറം പറയുന്നു. പുതിയ സമയക്രമമനുസരിച്ച് വൈകിട്ട് 3.40-ന് ഷൊർണൂരിൽ നിന്ന് പുറപ്പെടുന്ന ഷൊർണൂർ-കണ്ണൂർ എക്സ്പ്രസ് മൂന്നുമണിക്കാണ് പുറപ്പെടുക. പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ, താനൂർ, പരപ്പനങ്ങാടി, ഫറോക്ക് എന്നിവിടങ്ങളിൽ അരമണിക്കൂർ മുതൽ മുക്കാൽ മണിക്കൂർവരെ നേരത്തെ ട്രെയിൻ എത്തും. പട്ടാമ്പിയിൽ 3.54-ന് എത്തിയിരുന്നത് 3.14-നും തിരൂരിൽ 4.31-ന് എത്തിയിരു ന്നത് 4.05-നും ഫറോക്കിൽ 5.15-ന് എത്തിയിരുന്നത് 4.41-നുമാണ് എത്തുക. ഇതോടെ ഈ സമയങ്ങളിൽ സ്കൂൾ വിട്ടു വരുന്ന വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ട്രെയിൻ കിട്ടുന്നത് പ്രസായമാകും. ഫറോക്കിനും കോഴിക്കോടിനുമിടയിലുള്ള സമയം 25 മിനിറ്റായിരുന്നത് 43 മിനിറ്റായി വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് 5.30 -ന് എത്തിയിരുന്ന വണ്ടി അഞ്ചുമിനിറ്റ് നേരത്തെ 5.25-ന് എത്തുന്ന രീതിയിൽ എത്തും. മാത്രമല്ല യാത്രക്കാർ കൂടുതയാലതിനാൽ അഞ്ചു ബോഗി കൂടുതൽ അനുവദിക്കണമെന്നും, സ്ഥിരം യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാത്തവിധം പഴയ സമയ ക്രമത്തിൽത്തന്നെ സർവീസ് നടത്തണമെന്നും, കൊവിഡ് സമയത്ത് നിറുത്തലാക്കിയ കോഴിക്കോട് തൃശൂർ പാസഞ്ചർ ട്രെയിൻ പുനഃസ്ഥാപിക്കുണമെന്നും മലബാർ റെയിൽവേ ഡെവലപ്പ്മെന്റ് കൌൺസിൽ (മർഡാക്ക് ) ആവശ്യപ്പെട്ടു.
 കാസർകോടിന് നിരാശ
ഷൊർണ്ണൂർ-കണ്ണൂർ സ്പെഷൽ ട്രെയിൻ കാസർകോടേക്ക് നീട്ടണമെന്ന ആവശ്യം ഇനിയും പരിഗണിക്കപ്പെട്ടിട്ടില്ല. കൂടുതൽ യാത്രാദുരിതം അനുഭവിക്കുന്ന കാസർകോടുകാർക്ക് നിരാശ മാത്രം സമ്മാനിക്കുന്നതാണ് റെയിൽവേയുടെ തീരുമാനം. രാത്രിയിലുള്ള ജനശതാബ്‌ദിയും എക്‌സിക്യൂട്ടീവും കണ്ണൂരിൽ യാത്ര അവസാനിപ്പിച്ചാൽ കാസർകോട്ടേക്ക് പിന്നെ ട്രെയിനുകൾ ഇല്ലാത്ത സ്ഥിതിയാണ്. 6.29 നു പരശുറാമും 6.40 ന് നേത്രവതിയും പോയാൽ പിന്നെയുള്ളത് 10.38 ന് വരുന്ന വന്ദേഭാരത് മാത്രം. ഇതോടെ സാധാരണക്കാരുടെ ആശ്രയം കെ.എസ്ആർടിസി ബസുകൾ മാത്രമാണ്.
ഷൊർണ്ണൂർ-കണ്ണൂർ സ്പെഷൽ ട്രെയിൻ രാത്രി 7.40 നു കണ്ണൂരിലെത്തും. ഇത് കാസർകോട് വരെ നീട്ടിയാൽ 9.30 ഓടെ കാസർകോട് എത്താം. ട്രെയിൻ കാസർകോടേക്ക് നീട്ടണമെന്ന ആവശ്യം പരിഗണിക്കപ്പെടണമെന്നും ഇത് യാത്രക്കാർക്ക് ഏറെ സൗകര്യമാകുമെന്നും ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോ. വർക്കിംഗ് ചെയർമാൻ സി. ഇ. ചാക്കുണ്ണി പറഞ്ഞു.
 പുതിയ ട്രെയിൻ സമയം
ഷൊർണൂരിൽനിന്ന് കണ്ണൂരിലേക്ക്
ഷൊർണൂർ(3മണി )പട്ടാമ്പി (3:15 ), കുറ്റിപ്പുറം (3.34) , തിരൂർ ( 4:5) , താനൂർ (4:16), പരപ്പനങ്ങാടി (4:24), ഫറോക്ക് (4: 41), കോഴിക്കോട് (5: 25) , കൊയിലാണ്ടി (5.34), പയ്യോളി (6:5), വടകര (6:13,) മാഹി (6:27), തലശ്ശേരി (6:41),കണ്ണൂർ (7:25)
കണ്ണൂരിൽ നിന്ന് ഷൊർണൂരിലേക്ക്
കണ്ണൂർ (8:10), തലശേരി (8:25), മാഹി (8:36), വടകര (8:47), പയ്യോളി (8:57), കൊയിലാണ്ടി (9:09), കോഴിക്കോട് (9:45) , ഫറൂഖ് (10:05), പരപ്പനങ്ങാടി (10: 17), താനൂർ (10:26), തിരൂർ (10:34), കുറ്റിപ്പുറം (10:49) , പട്ടാമ്പി (1:01),ഷോർണൂർ(11.45)