vatta
വട്ടകുണ്ടിൽ നിന്നും സ്കൂളിലേക്ക് വനത്തിലൂടെ നടന്നുവരുന്ന കുട്ടികൾ

ചുണ്ടേൽ: ആനപ്പാറയിൽ കടുവയും കാട്ടാനയും ഭീതി പരത്തുന്നതിനാൽ ആശങ്കയിലായി വനമേഖലയിലെ ആദിവാസി കുടുംബങ്ങൾ. വനത്തിലൂടെ 3 കിലോമീറ്ററോളം നടന്നുവേണം ആനപ്പാറ വട്ടക്കുണ്ടിലെത്താൻ. അറുപതോളം ആദിവാസി കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ജീവൻ പണയപ്പെടുത്തിയാണ് പ്രദേശത്ത് ജീവിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. പ്രദേശവാസികൾ പലപ്പോഴും കാട്ടാനയുടെ മുൻപിൽപ്പെടാറുണ്ട്. ഭാഗ്യം കൊണ്ടാണ് രക്ഷപെടാറുള്ളതെന്ന് പ്രദേശവാസികൾ പറയുന്നു. ഇപ്പോൾ കടുവ കൂടി ജനവാസ മേഖലയിൽ തന്നെ തങ്ങുന്നതിനാൽ സമാധാന ജീവിതം നഷ്ടമായി. ഏത് സമയവും കടുവയുടെ മുൻപിൽ പെടാവുന്ന സ്ഥിതിയാണ്. സ്‌കൂളിലേക്കും സ്‌കൂൾവിട്ട് തിരിച്ചും കുട്ടികൾക്ക് കാവലായി പോകേണ്ട അവസ്ഥയാണെന്ന് പ്രദേശവാസി സുരേഷ് പറയുന്നു. കടുവയുടെ അലർച്ച കേൾക്കുമ്പോൾ വാതിൽ അടച്ച് വീട്ടിനുള്ളിൽ തന്നെ കഴിയും. എത്രകാലം ഇങ്ങനെ ഭയപ്പെട്ട് ജീവിക്കുമെന്ന് പ്രദേശവാസികൾ ചോദിക്കുന്നു. പ്രദേശത്തെ അംഗൻവാടിക്ക് താത്ക്കാലികമായി അവധി നൽകിയിരിക്കുകയാണ്. എത്രയും വേഗം കടുവയെ പിടികൂടി സ്വൈര്യ ജീവിതം ഉറപ്പുവരുത്തണം എന്നാണ് വട്ടക്കുണ്ടുകാർ ആവശ്യപ്പെടുന്നത്. ആനയെ പ്രതിരോധിക്കാനായി വർഷങ്ങൾക്കു നിർമിച്ച ഫെൻസിംഗ് പൂർണമായും തകർന്നു. എന്നാൽ അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനക്ഷമമാക്കാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ല. കൃഷി ചെയ്താണ് പ്രദേശവാസികൾ ഉപജീവനമാർഗ്ഗം കണ്ടെത്തുന്നത്. എന്നാൽ വലിയ മൃഗ ശല്യം കാരണം കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്ന് ഇവർ പറയുന്നു. വനാവകാശ നിയമപ്രകാരം പതിച്ചു നൽകിയ ഭൂമിയിൽ കാപ്പി ഉൾപ്പെടെയുള്ള കാർഷിക വിളകളാണ് നട്ടു പരിപാലിക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തോളമായി സ്ഥിരമായി കാട്ടാനകൾ ഇറങ്ങാൻ തുടങ്ങിയതോടെ കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. രാപ്പകൽ വ്യത്യാസമില്ലാതെ കാട്ടാന കൃഷിയിടത്തിലെത്തുകയാണെന്ന് ഇവർ പറയുന്നു.

വട്ടകുണ്ടിൽ നിന്നും സ്കൂളിലേക്ക് വനത്തിലൂടെ നടന്നുവരുന്ന കുട്ടികൾ