sk
ചെങ്ങന്നൂരിൽ നിന്ന് കോഴിക്കോട് കാണാനെത്തിയ സംഘം മിഠായിത്തെരുവിലെ എസ്.കെ.പ്രതിമയ്ക്ക് മുന്നിൽ

കോഴിക്കോട്: 'കുഞ്ഞുനാളിലേയുള്ള മോഹമാണ്, ഒരു കോഴിക്കോടൻ ബിരിയാണി കഴിക്കണം, പിന്നെ കടലും കണ്ട്... മിഠായിത്തെരുവിന്റെ രുചിയറിഞ്ഞ് മടങ്ങണം,​ എൺപത്തിയഞ്ചായെങ്കിലും ഇപ്പോഴതിന് കഴിഞ്ഞു '. കോഴിക്കോട്ടെ സാഗർ ഹോട്ടലിൽ നിന്ന് ബിരിയാണി കഴിച്ചിറങ്ങുമ്പോൾ സക്കറിയക്ക് ചെറുപ്പത്തിന്റെ ആവേശം. 'നമ്മളെ നാട്ടിൽ കരിമീൻ പൊള്ളിച്ചതാണ് പ്രധാനം. നിങ്ങളെ കോഴിക്കോടൻ ബിരിയാണി സൂപ്പറാണേ...'

ഇന്നലെ അതിരാവിലെ ആലപ്പുഴയിൽ നിന്ന് വന്ദേഭാരതിൽ കോഴിക്കോട്ടെത്തിയതാണ് ചെങ്ങന്നൂർ സീനിയർ സിറ്റിസൺ ഫോറം അംഗങ്ങളായ സക്കറിയയടക്കമുള്ള നാൽപതംഗ സംഘം. ബേപ്പൂർ ഉരു നിർമ്മാണ കേന്ദ്രവും കോഴിക്കോട് ബീച്ചും ഗുജറാത്തി സ്ട്രീറ്റും അവർ നടന്നു കണ്ടു. പ്രമേഹവും കൊളസ്‌ട്രോളുമെല്ലാം ഉണ്ടെങ്കിലും സാഗറിലെ മട്ടൻ ബിരിയാണിയും മിഠായിത്തെരുവിലെ ഹൽവയും അവർ രുചിച്ചറിഞ്ഞു. ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി പലപ്പോഴും വന്നിട്ടുള്ള നഗരം ഒരിക്കൽ കൂടി കണ്ടതിന്റെ സന്തോഷം പലരുടെയും മുഖത്തുണ്ടായിരുന്നു.

പലരുടെയും കുടുംബം ജോലിക്കും മറ്റുമായി പല നാടുകളിലാണ്. അവരെയൊന്നും കാത്തുനിൽക്കാതെ സഞ്ചാര സാഹിത്യകാരന്റെ നാടുതേടിയിറങ്ങിയവരാണ് ഈ കിഴക്കിന്റെ വെനീസുകാർ. ശിഷ്ട ജീവിതം യാത്രകളാൽ സുന്ദരമാക്കാൻ ആഗ്രഹിച്ചിറങ്ങിയവർ അഞ്ചു വർഷത്തിനിടെ ഇരുപതോളം ഉല്ലാസ യാത്രകൾ ഇതിനകം പൂർത്തിയാക്കി. കൂടുതലും ഒരു ദിവസം ദൈർഘ്യമുള്ള യാത്രകൾ. വന്ദേഭാരത് വന്നതോടെ തങ്ങളുടെ യാത്രകൾ കൂടുതൽ എളുപ്പമാക്കിയെന്ന് യാത്ര കോഓർഡിനേറ്റർമാരും ചെങ്ങന്നൂർ സീനിയർ സിറ്റിസൺ ഫോറം അംഗങ്ങളുമായ ജോൺ കുരുവിളയും ശ്രീകുമാരിയും പറഞ്ഞു. ദേശത്തിന്റെ കഥാകാരന്റെ മുന്നിൽ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ ഒരു കാലത്തിന്റെ വലിയ കഥ അവരിലൂടെ മിന്നിമറഞ്ഞു. യാത്രയുടെ അവസാനം കോഴിക്കോട് കടപ്പുറത്തേക്കായിരുന്നു. കോഴിക്കോടൻ തിരമാലകളെ കാലുകളിൽ കോർത്തെറിഞ്ഞവർ വാർദ്ധക്യം മറന്ന് കുലുങ്ങി ചിരിച്ചു. ഇനിയും വരണം... സാഹിത്യവും സംസ്‌കാരവും ഭക്ഷണവും ഇഴചേർന്ന നഗരത്തിലേക്കെന്നുറപ്പിച്ചായിരുന്നു മടക്കയാത്ര.