സുൽത്താൻ ബത്തേരി: കുമഴി ഗ്രാമത്തിലെ ജനങ്ങളാണ് പാചകം ചെയ്ത ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ച് വെക്കുന്നത് അലമാരകളിലും വീപ്പകളിലുമാക്കി മാറ്റിയിരിക്കുന്നത്. ഭക്ഷണ സാധനങ്ങൾ വാനരൻമാർ എടുത്ത് കൊണ്ടുപോകുന്നത് തടയുന്നതിനാണ് സുരക്ഷിത കേന്ദ്രമായി അലമാരയിലും വീപ്പകളിലുമായി സൂക്ഷിക്കുന്നത്. ലാവനരൻമാരുടെ പിടിയിലമർന്ന കുമഴി ഗ്രാമത്തിലാണ് ഭക്ഷണം സൂക്ഷിക്കാൻ പ്രദേശവാസികൾ അലമാരും വീപ്പയും ഉപയോഗിക്കുന്നത്. പാചകം ചെയ്തു വെച്ച ഭക്ഷണ സാധനങ്ങൾ വീപ്പയിൽ ഇറക്കിവെച്ച് അതിന്റെ മുകൾ ഭാഗത്ത് ഭാരമുള്ള വസ്തു കൊണ്ട് അടച്ച് വെച്ചാണ് ഭക്ഷണം വാനരന്മാർ എടുത്തു കൊണ്ടുപോകാതെ സംരക്ഷിക്കുന്നത്. നേരം പുലരുന്നതോടെ കൂട്ടമായിട്ടാണ് വാനരന്മാർ എത്തുന്നത്. വീടിന്റെ മേൽക്കൂരയുടെ ഓട് തകർത്തും വെന്റിലേറ്റർ വഴിയും അകത്തു കയറി വ്യാപക നാശനഷ്ടമാണ് വരുത്തുന്നത്. വീടുപൂട്ടി അത്യാവശ്യ കാര്യത്തിന് പോലുംപുറത്തു പോകുവാൻ ഇവിടെയുള്ള കർഷകർക്കാവുന്നില്ല. തിരികെ എത്തുമ്പോഴേക്കും വാനരപ്പട വീട് കൊള്ളയടിച്ചിട്ടുണ്ടാവും. ഭക്ഷണപദാർത്ഥങ്ങൾ നശിപ്പിക്കും. വസ്ത്രങ്ങളും മറ്റും വസ്തുവകകളും ഉപയോഗശൂന്യമാക്കും. വീടുപൂട്ടി പുറത്തു പോകണമെങ്കിൽ സകല സാധനങ്ങളും വലിയ വീപ്പകളിൽ ഇട്ടുവെച്ച് അടച്ച് അതിനുമുകളിൽ ഭാരമുള്ള വസ്തുക്കൾ കേറ്റി വച്ചാണ് ഇവർ പുറത്ത് പോകുന്നത്. കർഷകർ ഇറക്കുന്ന കാർഷിക വിളകളും വാനരന്മാർ നശിപ്പിക്കുകയാണ്. രൂക്ഷമായ വാനരശല്യത്തിന് ശാശ്വത പരിഹാരം കാണാൻ അധികൃതർ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ല .