tea
ആനപ്പാറയിൽ തേയില നന്നാക്കുന്ന തൊഴിലാളികൾ

ചുണ്ടേൽ: ആനപ്പാറയിൽ കടുവകൾ സ്ഥിരം സാന്നിദ്ധ്യമായതോടെ ആശങ്കയിലായി തോട്ടം തൊഴിലാളികൾ. തേയില തോട്ടത്തിൽ നിന്നും കടുവയുടെ ആക്രമണത്തിന് ഇരയാകുമോ എന്ന ആശങ്കയിലാണ് ഇവർ. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സ്ഥിരമായി തേയില തോട്ടത്തിൽ കടുവയെ കാണുന്നുണ്ട്. കൂടുവെച്ച് പിടികൂടാനുള്ള നടപടി നടക്കുമ്പോഴും
തൊഴിലാളികൾ ആശങ്കയോടെയാണ് ജോലിക്ക് പോകുന്നത്. എസ്റ്റേറ്റിലെ സ്ഥിരം തൊഴിലാളികളും അതിഥി തൊഴിലാളികളും തേയില തോട്ടത്തിൽ തേയില വെട്ടാനായി എത്താറുണ്ട്. തൊഴിലാളികൾ സുരക്ഷ ആവശ്യപ്പെട്ടതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇപ്പോൾ കാവൽ നിൽക്കുന്നുണ്ട്. എങ്കിലും ജോലിക്ക് പോകുമ്പോഴും ജോലി കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴും കടുവയുടെ ആക്രമണത്തിന് ഇരയാകുമോ എന്ന ആശങ്ക തൊഴിലാളികൾകുണ്ട്. അടുത്തടുത്ത് തേയില ചെടികൾ ഉള്ള തോട്ടമായതിനാൽ തന്നെ കടുവയുടെ സാന്നിദ്ധ്യം പെട്ടെന്ന് മനസിലാക്കാൻ കഴിയില്ല. കടുവകളെ പിടികൂടാൻ വനം വകുപ്പ് സാധ്യമായതെല്ലാം ചെയ്യണമെന്നാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്. ഒറീസ, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് കൂടുതലായും തോട്ടത്തിലുള്ളത്. പ്രദേശത്തെ വഴികൾ പോലും ഇവർക്ക് കൃത്യമായി അറിയില്ല. കടുവയുടെ മുൻപിൽപ്പെട്ടാൽ എന്തുചെയ്യുമെന്നാണ് ഇവരുടെ ചോദ്യം. നേരത്തെ കാട്ടാനയായിരുന്നു സ്ഥിരമായി ഇറങ്ങിയിരുന്നത്. ഇപ്പോൾ കടുവയും ഭീതി പരത്തുകയാണ്. എങ്ങിനെ സമാധാനത്തോടെ ജോലി ചെയ്യുമെന്നാണ് തൊഴിലാളികൾ ചോദിക്കുന്നത്.

ആനപ്പാറയിൽ തേയില നന്നാക്കുന്ന തൊഴിലാളികൾ