കൽപ്പറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർ പ്രത്യക്ഷ സമരം തുടങ്ങി. ദുരന്തബാധിതരുടെ കൂട്ടായ്മയായ ജനശബ്ദം ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കളക്ടറേറ്റിനു മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്. ദുരന്തം നടന്നിട്ട് മൂന്നുമാസം തികഞ്ഞിട്ടും പുനരധിവാസ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടു പോലുമില്ല. സ്ഥിരം പുനരധിവാസത്തിന് സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ പ്രതിസന്ധിയിലാണ്. സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ഇതുവരെയും പൂർണ്ണമായും വിതരണം ചെയ്തിട്ടില്ല. അടിയന്തര ധനസഹായവും മുഴുവൻ ആളുകൾക്കും ലഭിച്ചിട്ടില്ല. ദുരന്തബാധിതരെ ചേർത്തുപിടിക്കുമെന്ന പ്രഖ്യാപനം പാഴ് വാക്കാവുകയാണ്. ഈ സാഹചര്യത്തിലാണ് ഇത്തരത്തിൽ സമരം സംഘടിപ്പിക്കേണ്ടി വന്നതെന്ന് ദുരന്തബാധിതരുടെ കൂട്ടായ്മ ജനശബ്ദം ജനകീയ ആക്ഷൻ കമ്മിറ്റി നേതാക്കൾ പറയുന്നു. തിരഞ്ഞെടുത്ത 50 പേരാണ് സമരത്തിൽ പങ്കെടുത്തത്. പൂർണ്ണമായും വീടും ഭൂമിയും നഷ്ടപ്പെട്ടവരും ബന്ധുക്കളെ നഷ്ടപ്പെട്ടവരും എല്ലാം സമരത്തിന് ഇറങ്ങി.
തീർത്തും ന്യായമായ ആവശ്യങ്ങളാണ് തങ്ങൾ മുന്നോട്ടുവെക്കുന്നതെന്ന് ദുരന്തബാധിതർ പറയുന്നു. ഇത്തരത്തിൽ സമരം നടത്തേണ്ടിവന്നത് മറ്റു മാർഗ്ഗമില്ലാത്തതിനാലാണ്. പ്രശ്നം പരിഹാരമായില്ലെങ്കിൽ തിരുവനന്തപുരം ഡൽഹിയിലും സമരം നടത്തുമെന്നും നേതാക്കൾ പറഞ്ഞു. ഷാജിമോൻ ചൂരൽമല ( കൺവീനർ), നസീർ ആലക്കൽ ( ചെയർമാൻ) തുടങ്ങിയവർ നേതൃത്വം നൽകി.