kala
കണ്ണങ്കോട് വയലിൽ വ്യാപിച്ച കളകൾ

സുൽത്താൻ ബത്തേരി: നെൽ വയലുകളെല്ലാം കതിർ ചാടാൻ തുടങ്ങിയപ്പോൾ തന്നെ കള വയലുകളിൽ പിടി മുറുക്കി കഴിഞ്ഞു. നെൽച്ചെടിയെക്കാളും ഉയരത്തിലാണ് കള വയലുകളിൽ തിങ്ങി നിറഞ്ഞ് നിൽക്കുന്നത്. കളകളുടെ പിടിയിൽ വയലുകൾ അമർന്നതോടെ നെൽച്ചെടിയുടെ വളർച്ചയേയും വിളവിനെയും കാര്യമായി ബാധിച്ചിരിക്കുകയാണ്. ആന്ത, പൂ പുല്ല്, തലേകെട്ടൻ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന കളകളാണ് നെൽവയലുകളെ പിടി മുറുക്കിയിരിക്കുന്നത്. വിശാലമായ നെൽവയലുള്ള നൂൽപ്പുഴ പഞ്ചായത്തിലെ കണ്ണങ്കോട് പാടശേഖരത്തിലാണ് കളകൾ വ്യാപകമായി നെൽകൃഷിയിൽ പടർന്ന് പിടിച്ചിരിക്കുന്നത്.
സാധാരണ പൊടി വിത നടത്തുന്ന വയലുകളിലാണ് കളകൾ വ്യാപകമായി കണ്ടുവരുന്നത്. വെള്ളക്കുറവുള്ള വയലുകളിലാണ് കളകളുടെ സാന്നിധ്യം ഏറ്റവും കൂടുതൽ കണ്ടു വന്നിരുന്നത്. എന്നാൽ ഇത്തവണ മഴ കാര്യമായി മാറി നിന്നിട്ടില്ല എന്നിട്ട് പോലും കള നെൽകൃഷിയെ പിടികൂടി. നെൽവിത്തിനങ്ങളിൽ നിന്നും ജൈവ വളങ്ങളിൽ നിന്നുമാണ് കളകൾ വയലുകളിൽ എത്തിപ്പെട്ടത്. വളരെ അപൂർവ്വമായി മാത്രം ചില ജീവികളുടെ കാഷ്ഠത്തിലൂടെയും കളകൾ വളരാനിടയാക്കുന്നു. തുടർച്ചയായി പെയ്ത മഴ കാരണം നെൽകർഷകർക്ക് കളയെ തുടക്കത്തിലെ തന്നെ പറിച്ച് നിക്കാൻ കഴിയാതെ വന്നതും കളകൾ നെൽവയലുകളെ പിടി മുറുക്കുന്നതിന് കാരണമായി തീർന്നു.

കണ്ണങ്കോട് വയലിൽ വ്യാപിച്ച കളകൾ