കോഴിക്കോട് : 'അന്നന്നത്തെ ചെലവിനുള്ള വകയെങ്കിലും കിട്ടണമെന്ന പ്രാർത്ഥനയോടെയാണ് ഓരോ ദിവസവും ഇങ്ങോട്ടെത്തുന്നത്. ഇപ്പോൾ സീസണിന്റെ തുടക്കമാണ്, കുറച്ചുകാലം കുഴപ്പമില്ലാതെ പോകും. ഓറഞ്ച് തൂക്കി നൽകുന്നതിനിടെ മിഠായിത്തെരുവിലെ ഉന്തുവണ്ടി കച്ചവടക്കാരനായ റിയാസ് പറഞ്ഞു. ഇരുപത് വർഷത്തോളം റിയാസിന്റെ പിതാവായിരുന്നു ഇവിടെ കച്ചവടം നടത്തിയിരുന്നത്. വയ്യാതായപ്പോൾ റിയാസ് ഏറ്റെടുത്തു. അടുത്തടുത്തായി കച്ചവടം ചെയ്യുന്ന അബ്ബാസിനും ഇസ്മയിലിനും പറയാനുള്ളത് ഇതേ കഥ തന്നെ. പണ്ട് മിഠായിത്തെരുവിനകത്തായിരുന്നു ഇവരുടെയെല്ലാം കച്ചവടം. നവീകരണത്തോടെ പുറത്തായി. മുപ്പതോളം കച്ചവടക്കാരുണ്ടായിരുന്ന ഇടത്ത് ഇപ്പോഴുള്ളത് പത്തുപേർ.
ലൈസൻസുള്ള കച്ചവടക്കാർ
കോർപ്പറേഷന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ലൈസൻസോടെയാണ് ഇവരെല്ലാം പ്രവർത്തിക്കുന്നത്. മഴക്കാലത്തും വിപണിയിൽ വിലക്കയറ്റമുള്ളപ്പോഴും കച്ചവടം നന്നായി കുറയും. ഹൈപ്പർ മാർക്കറ്റിലെ ശീതീകരണ സംവിധാനങ്ങളിൽ നാളുകളോളം നിൽക്കുന്ന ഓറഞ്ചും ആപ്പിളും പേരയ്ക്കയുമെല്ലാം ഇവിടെ രണ്ട് ദിവസമാകുമ്പോഴേക്കും കേടുവരും. പലപ്പോഴും രാത്രിയായാലും വാങ്ങിച്ചതിന്റെ പകുതി പോലും വിറ്റുപോകില്ല. അവസാനം കിട്ടുന്ന വിലയ്ക്ക് വിൽകും. അവധി ദിവസങ്ങളിലാണ് കച്ചവടം കുറച്ചെങ്കിലും മെച്ചപ്പെടുന്നതെന്ന് ഇവർ പറയുന്നു.
കുരുക്കിട്ട് പൊലീസും കോർപ്പറേഷനും
കോർപ്പറേഷന്റെയും സിറ്റി പൊലീസിന്റെയും കർശന നിയന്ത്രണങ്ങളുള്ളതിനാൽ അനുവദിച്ച സ്ഥലത്ത് നിന്ന് അനങ്ങാൻ പറ്റില്ല. ആളുകൾ കൂടുതലുള്ള ഭാഗത്തേക്ക് നീങ്ങിയാൽ പൊലീസെത്തി ഒഴിപ്പിക്കും. ഇപ്പോൾ കിഡ്‌സൺ കോർണറിലാണ് അനുവദിച്ചിരിക്കുന്ന സ്ഥലം. കോർപ്പറേഷൻ പാർക്കിംഗ് പ്ലാസയുടെ നിർമ്മാണം തുടങ്ങിയാൽ എങ്ങോട്ട് പോകുമെന്ന ആശങ്കയിലാണ് ഇവർ.
''2800 ഓളം തെരുവുകച്ചവടക്കാരാണ് ലൈസൻസോടെ നഗരത്തിൽ പ്രവർത്തിക്കുന്നത്. ഒരു സ്ഥലം കണ്ടെത്തി ഇവരെ അങ്ങോട്ടേക്ക് മാറ്റി കച്ചവടത്തിനായുള്ള സൗകര്യങ്ങൾ കോർപ്പറേഷൻ ചെയ്തു നൽകും.
- പി.സി രാജൻ ( പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, കോഴിക്കോട് കോർപ്പറേഷൻ)
'' വലിയ ഗതാഗതക്കുരുക്കാണ് പലസമയത്തും നഗരത്തിൽ അനുഭവപ്പെടുന്നത്. ഈ ഘട്ടത്തിലാണ് റോഡുകളിലേക്ക് ഇറങ്ങി കച്ചവടം ചെയ്യുന്ന തെരുവുകച്ചവടക്കാരെ അവിടെ നിന്ന് നീക്കി പിഴ ഈടാക്കേണ്ടി വരുന്നത്.
സുരേഷ് ബാബു, -സി. ഐ, സിറ്റി ട്രാഫിക് പൊലീസ്