
കോഴിക്കോട്: വിവാദങ്ങൾക്കിടയിൽ മുഖ്യമന്ത്രി പിണറായി വിജയനും ഇ.പി ജയരാജനും കൂടിക്കാഴ്ച നടത്തി. ഉപതിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിന്ന ഇ.പിയെ അനുനയിപ്പിക്കാനായിരുന്നു കൂടിക്കാഴ്ച. പാർട്ടി പരിപാടികളിൽ സജീവമാകാൻ ഇ.പിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഏഴാമത് ബാലസംഘം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി ഉദ്ഘാടന ശേഷം വൈകിട്ട് നാലിന് ഗസ്റ്റ് ഹൗസിൽ വച്ചാണ് ഇ.പിയെ കണ്ടത്. രാവിലെ ഇതേ പരിപാടിയിൽ പങ്കെടുക്കാനായി ഇ.പി ജയരാജൻ കോഴിക്കോടെത്തിയിരുന്നു. അരമണിക്കൂറിലധികം ഇരുവരും സംസാരിച്ചു. എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ പാർട്ടിയുമായി അത്ര സ്വരചേർച്ചയിലല്ലായിരുന്നു ഇ.പി. തുടർന്ന് പാർട്ടി പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു.