
മുണ്ടക്കയം: പൈങ്ങന ബൈപ്പാസ് ജംഗ്ഷൻ അപകടമേഖലയായി. ബൈപ്പാസ് റോഡിൽനിന്നുമെത്തുന്ന വാഹനങ്ങൾ വേഗത്തിൽ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതും ബൈപ്പാസ് ആരംഭിക്കുന്ന പൈങ്ങന ഭാഗത്ത് വേണ്ടത്ര സിഗ്നൽ ബോർഡുകളുടെ അഭാവവും അപകടങ്ങൾക്ക് വേഗതകൂട്ടുന്നു. കഴിഞ്ഞദിവസം ബൈപ്പാസ് ജംഗ്ഷനിൽ രണ്ടു കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർക്കാണ് പരിക്കേറ്റത്. ബൈപ്പാസിലൂടെ വന്ന കാർ ദേശീയപാതയിലേക്കു കയറുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ടു കാറുകളും തകർന്നു. ഇവിടെ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഓരോ ദിവസവും ഉണ്ടാകാറുള്ളത്.
ബൈപ്പാസ് റോഡിൽനിന്ന് ടൗൺ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ വേഗത്തിൽ ദേശീയപാതയിലേക്കു പ്രവേശിക്കുമ്പോൾ കെട്ടിടങ്ങളുടെ മറവുള്ളതിനാൽ ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങളെ പെട്ടെന്ന് കാണാൻ കഴിയില്ല. ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങൾക്കും സമാന അവസ്ഥയാണ്. ഇതാണ് പലപ്പോഴും കൂട്ടിയിടിക്ക് കാരണം. സിഗ്നൽ ബോർഡുകളുടെ അഭാവമുള്ളതിനാൽ മുണ്ടക്കയത്തുനിന്ന് കാഞ്ഞിരപ്പള്ളി ഭാഗത്തേക്കു ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് അപകടസൂചന മുൻകൂട്ടി ലഭിക്കുന്നുമില്ല. അടുത്തു വന്നു കഴിയുമ്പോൾ മാത്രമാണ് ബൈപ്പാസിൽനിന്നു വാഹനങ്ങൾ ദേശീയപാതയിലേക്ക് കയറി വരുന്നത് ശ്രദ്ധയിൽപ്പെടുന്നത്. അപ്പോഴേക്കും അപകടം നടന്നുകഴിയും.
കൂടാതെ കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ ബൈപ്പാസ് റോഡിലേക്ക് തിരിയുമ്പോഴും എതിർദിശയിൽവരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ചും അപകടങ്ങളുണ്ടാകാറുണ്ട്. ഇതോടൊപ്പം സമീപത്തെ വ്യാപാരസ്ഥാപനങ്ങളിൽ നിന്നു കൂടി വാഹനങ്ങൾ ദേശീയപാതയിലേക്ക് ഇറങ്ങി വരുന്നതോടെ പല സമയത്തും ഇവിടെ ഗതാഗതക്കുരുക്കും അനുഭവപ്പെടാറുണ്ട്. ഇവിടെയുള്ള ബസ് സ്റ്റോപ്പിൽ ബസുകൾ നിർത്തി യാത്രക്കാരെ കയറ്റിയിറക്കുന്ന സമയം ബസിനെ മറികടക്കുവാൻ വാഹനങ്ങൾ വേഗതകൂട്ടുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു.
ബൈപ്പാസ് ആരംഭിക്കുന്ന പൈങ്ങന ഭാഗത്തു സിഗ്‌നൽ ബോർഡുകളുടെ അഭാവംമൂലം വഴി പരിചയമില്ലാത്ത വാഹന ഡ്രൈവർമാരും ആശയക്കുഴപ്പത്തിലാണ്.
നിരവധി അപകടങ്ങൾക്ക് വേദിയാകുന്ന പൈങ്ങന ബൈപ്പാസ് ജംഗ്ഷനിൽ റൗണ്ടാന അടക്കമുള്ള സുരക്ഷാക്രമീകരണങ്ങൾ ഒരുക്കണം.
- പീറ്റർ, നാട്ടുകാരൻ