ksrtc

 മതിൽ തകർന്നു, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കോട്ടയം : മഹാഭാഗ്യം! ഒറ്റവാക്കിൽ അങ്ങനെ പറയാം. സെക്കൻഡുകൾ മാറിയിരുന്നെങ്കിൽ ഇന്നലെ കോട്ടയം കെ.എസ്.ആർ.ടി.സി പരിസരം കുരുതിക്കളമായേനെ. ബ്രേക്ക് നഷ്ടപ്പെട്ട ട്രാൻ. ബസ് പിന്നോട്ടുരുണ്ട് വീണ്ടും പ്രസ് ക്ളബിന്റെയും, പൊതുമരാമത്ത് വകുപ്പിന്റെയും മതിൽ തകർത്തു. കഴിഞ്ഞ ജൂലായ് ആറിന് പുലർച്ചെ രണ്ടിനായിരുന്നു ആദ്യ അപകടമെങ്കിൽ ഇന്നലെ രാവിലെ 11.45 നായിരുന്നു സമാന സംഭവം. ടി.ബി റോഡിൽ ആ സമയം വാഹനങ്ങൾ കടന്നുപോകാതിരുന്നതിനാൽ വൻഅപകടം ഒഴിവായി. കോട്ടയം - അങ്കമാലി ബസ്, സ്റ്റാൻഡിലേയ്ക്കുള്ള ചെറിയ കയറ്റത്തിൽ പാർക്ക് ചെയ്ത് ഡ്രൈവർ ഇറങ്ങിയ ഉടൻ ഇരുപത് മീറ്ററോളം പിന്നിലേയ്ക്ക് ഉരുളുകയായിരുന്നു. റോഡ് കുറുകെ കടന്ന് എതിർവശത്തുള്ള മതിലും ഇടിച്ച് തകർത്ത് പ്രസ് ക്ലബ് വളപ്പിലാണ് ബസ് നിന്നത്. ബസിൽ യാത്രക്കാരുമില്ലായിരുന്നു.

ആദ്യ അപകടത്തിൽ തകർന്ന മതിലിന്റെ ബാക്കി ഭാഗം കൂടി ഇന്നലെ തകർന്നു. ടി.ബി റോഡിൽ പത്ത് മിനിറ്റോളം ഗതാഗതക്കുരുക്കുമുണ്ടായി. തുടർന്ന് സ്റ്റാൻഡിലേയ്ക്ക് ബസ് നീക്കുകയായിരുന്നു. ഗിയറിലിട്ട് നിറുത്തിയ വാഹനം ഹാൻഡ് ബ്രേക്കിലായിരുന്നെന്നും ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിനിടയാക്കിയതെന്നുമാണ് ഡ്രൈവർ പറയുന്നത്. എന്നാൽ അശ്രദ്ധയാണെന്ന് ആരോപിച്ച് നാട്ടുകാരും, ഓട്ടോ ഡ്രൈവർമാരും രംഗത്തെത്തി.

തിരക്കുള്ള സമയം

പ്രായമായവർ ഉൾപ്പെടെയുള്ള യാത്രക്കാർ സ്റ്റാൻഡിലേയ്ക്ക് പോകുന്നതും ഓട്ടോറിക്ഷയിൽ കയറാൻ പോകുന്നതും ഈ ഭാഗത്തുകൂടിയാണ്. മതിലിനോട് ചേർന്നാണ് പ്രസ് ക്ളബിലേയ്ക്കുള്ള വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. അവധി ദിനമായതിനാൽ വാഹനങ്ങൾ കുറവായിരുന്നതും രക്ഷയായി.

ഇനി സാമൂഹ്യ വിരുദ്ധർ നിറയും

ലക്ഷങ്ങൾ മുടക്കി അറ്റകുറ്റപ്പണി നടത്തിയ പൊതുമരാമത്ത് ക്വാർട്ടേഴ്സിന്റെ ചുറ്റുമതിലിന്റെ ഒരുഭാഗം പൂർണമായും തകർന്നതോടെ ഇവിടം സാമൂഹ്യവിരുദ്ധരുടെ താവളമാകുമെന്ന് ഉറപ്പായി. മുൻപ് അനാശാസ്യ കേന്ദ്രമായിരുന്ന ഇവിടം നവീകരിച്ച് അടച്ചുറപ്പുള്ളതാക്കിയാണ്. കാടുപിടിച്ചു കിടക്കുന്ന ക്വാർട്ടേഴ്സിൽ വർഷങ്ങളായി താമസക്കാരില്ല.