
ചങ്ങനാശേരി : രണ്ടാൾ പൊക്കത്തിൽ കാട് വളർന്നുനിൽക്കുന്നു. ഈ കാട്ടിലൊരു കെട്ടിടമുണ്ടെന്ന് പറഞ്ഞാൽ ഒരുപക്ഷേ ആരും വിശ്വസിക്കണമെന്നില്ല. കുറിച്ചി പഞ്ചായത്തിലെ മൂന്നാം വാർഡിൽ പള്ളത്ര കവലയിലെ 144 ാം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ ദയനീയാവസ്ഥ മനസിലാക്കാൻ മറ്റെന്ത് വേണം. വാടക കെട്ടിടത്തിലാണ് നിലവിൽ അങ്കണവാടി പ്രവർത്തിക്കുന്നത്. പത്ത് വർഷം മുൻപ് മരം വീണ് കെട്ടിടത്തിന്റെ സ്റ്റോർ റൂമിന് കേടുപാടുകൾ സംഭവിച്ചിരുന്നു. തുടർന്ന് സുരക്ഷ പരിഗണിച്ച് സമീപത്തെ സാംസ്കാരിക കേന്ദ്രത്തിലേയ്ക്ക് പ്രവർത്തനം താത്ക്കാലികമായി മാറ്റുകയായിരുന്നു. കാടുകയറിയ കെട്ടിടം അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ പൂർണ്ണമായും നിലംപതിക്കുന്ന സ്ഥിതിയാണ്. മുൻപ് കെട്ടിടം പണിയാൻ എം.എൽ.എ ഫണ്ട് അനുവദിച്ചിരുന്നെങ്കിലും സ്ഥലം റവന്യുവകുപ്പിന്റേതാണെന്ന് പറഞ്ഞ് പഞ്ചായത്ത് ഒഴിഞ്ഞുമാറി. 2018-19 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം പഞ്ചായത്ത് ലക്ഷങ്ങളാണ് വനിതാ ശിശുക്ഷേമ ഫണ്ടിനത്തിൽ ചെലവഴിക്കാതെ പാഴാക്കിയത്.
പഞ്ചായത്തിന്റെ അനാസ്ഥ
പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി കളക്ടർക്ക് നൽകിയാൽ സ്ഥലം വിട്ടുനൽകാൻ തയ്യാറാണെന്നാണ് റവന്യു അധികൃതർ പറയുന്നത്. ഇതിനിടെ പൊതുപ്രവർത്തകനായ എൻ.ഡി ബാലകൃഷ്ണൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയെയും സമീപിച്ചു. ആറു വർഷം മുൻപ് ഗുരുശ്രീപുരം ചാരിറ്റബിൾ സൊസൈറ്റി എന്ന സംഘടന കെട്ടിടം സൗജന്യമായി നിർമ്മിച്ചു നൽകാൻ സന്നദ്ധത അറിയിച്ചതാണ്. എന്നാൽ പഞ്ചായത്ത് അനുവാദം നൽകിയില്ല.
''അങ്കണവാടി കെട്ടിടം പുതുക്കിപ്പണിയാൻ അടിയന്തിര കമ്മിറ്റി വിളിച്ചു ചേർക്കണമെന്ന് കുറിച്ചി ഗ്രാമപഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
-(ലീഗൽ സർവീസസ് അതോറിട്ടി)
''സ്വന്തമായി കെട്ടിടം അനുവദിക്കണമെന്നാവശ്യപ്പെട്ട് പലതവണ പഞ്ചായത്തിന് നിവേദനം നൽകിയിരുന്നെങ്കിലും അനുകൂല മറുപടി ഉണ്ടായില്ല.
-കുട്ടികളുടെ രക്ഷിതാക്കൾ