
കോട്ടയം : കുട്ടനാട്ടിലും, അപ്പർകുട്ടനാട്ടിലും വിരിപ്പുകൃഷിയുടെ കൊയ്ത്തും, പുഞ്ചക്കൃഷിയുടെ വിത ഒരുക്കലും മഴയിൽ മുങ്ങുമോയെന്ന ആശങ്കയിൽ കർഷകർ. കുമരകം തെക്കേ മൂലപ്പാടത്ത് 235 ഏക്കറിലും, അയ്മനത്ത് തെക്കേ മുന്നൂറ് പാടത്ത് 92 ഏക്കറിലുമാണ് കൊയ്ത്ത് തുടങ്ങിയത്. പാടത്ത് വെള്ളം കെട്ടിനിൽക്കുന്നതിനാൽ യന്ത്രം ഇറക്കാനാകുന്നില്ല. വെറുതേ വാടക നൽകി കർഷകർ സാമ്പത്തിക നഷ്ടത്തിലാണ്. കൊയ്ത്ത് സജീവമാകുന്നതോടെ കൂടുതൽ യന്ത്രം തമിഴ്നാട്ടിൽ നിന്ന് വാടകയ്ക്ക് എടുക്കേണ്ടി വരും. നിരക്കും കൂടുതലാണ്.
മഴ തുടർന്നാൽ നെല്ല് നശിക്കും. വിളഞ്ഞ നെല്ല് ചായും , കതിർമണികൾ കൊഴിയുന്നത് ഉത്പാദനത്തെയും ബാധിക്കും.
8000 ഹെക്ടറോളം സ്ഥലത്താണ് വിരിപ്പുകൃഷി. നെല്ല് നൽകുന്നതിന് 2700 കർഷകർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വില പേശാൻ സ്വകാര്യമില്ലുകൾ
കൊയ്ത നെല്ലിൽ നനവ് കണ്ടാൽ സ്വകാര്യമില്ലുകൾ തൂക്കവും, വിലയും കുറയ്ക്കും. സംഭരണ നടപടികളും ആയിട്ടില്ല. തുലാവർഷം ഉടനെത്തും. വരും ദിവസങ്ങളിൽ മറ്റു പാടങ്ങളിൽ കൊയ്ത്ത് ആരംഭിക്കുന്ന വേളയിൽ സംഭരണം നടക്കുന്നില്ലെങ്കിൽ കർഷകർ ദുരിതത്തിലാകും. കഴിഞ്ഞ വർഷം വിത വൈകിയതോടെ കടുത്ത ചൂടിൽ നെല്ല് നശിച്ച് വലിയ നഷ്ടം സംഭവിച്ചിരുന്നു. ജെ ബ്ലോക്ക് ഒൻപതിനായിരം പാടത്ത് പുഞ്ചക്കൃഷി നേരത്തേ ആരംഭിക്കാൻ പാടശേഖര സമിതി തീരുമാനിച്ചു. വെള്ളം വറ്റിച്ച് പുറം ബണ്ട് ബലപ്പെടുത്തൽ തുടങ്ങി. ട്രാക്ടറും ട്രില്ലറും ഇറക്കി ഉഴവാരംഭിച്ചു. 17000 ഹെക്ടർ സ്ഥലത്ത് വിത നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പകൽച്ചൂട് പുഞ്ചക്കൃഷിയ്ക്ക് ഭീഷണി
കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പകൽസമയത്തെ കടുത്ത ചൂടാണ് പുഞ്ചകൃഷിയ്ക്ക് വെല്ലുവിളി. തുലാം 10 നും 20 നുമുള്ളിലാണ് പൊതുവേ പുഞ്ചക്കൃഷിയുടെ വിതനടക്കാറുള്ളതെങ്കിലും കടുത്ത ചൂട് കണക്കിലെടുത്ത് കരപ്പാടത്തും കായൽ നിലങ്ങളിലും ഈ വർഷം വിത നേരത്തെ ആരംഭിക്കും.
''സുഗമമായ കാലാവസ്ഥ കണക്കിലെടുത്തായിരുന്നു വിരിപ്പ്, പുഞ്ചക്കൃഷി നടത്തി വന്നത്. കാലാവസ്ഥാ വ്യതിയാനം വന്നതോടെ കണക്കുകൂട്ടൽ പാളി. നെൽകൃഷി ഞാണിന്മേൽ കളിയായി.
-വിശ്വഭരൻ (നെൽകർഷകൻ )
വിരിപ്പുകൃഷി : 8000 ഹെക്ടറിൽ