കിടങ്ങൂർ: ചാലക്കുന്നത്ത് ശാസ്താംകോട്ട ക്ഷേത്രത്തിൽ അത്യപൂർവമായ ദശാവതാരചാർത്ത് ഇന്ന് മുതൽ 13 വരെ നടക്കും. പത്ത് ദിവസങ്ങളിലായി നടക്കുന്ന ദശാവതാരചാർത്തിൽ ശുദ്ധ മറയൂർ ചന്ദനത്തിൽ മുഴുക്കാപ്പായി ഭഗവാനെ ചാർത്തി 11ാം ദിവസം വിജയദശമിദിനത്തിൽ വിശ്വരൂപ ദർശനത്തോടെയാണ് ചടങ്ങുകൾ അവസാനിക്കുന്നത്. 10 ദിവസവും ഭഗവാന്റെ ഓരോ അവതാരങ്ങളാണ് ചാർത്തുന്നത്. ദർശനത്തിനായി പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഒന്നാം ദിവസമായ നാളെ മത്സ്യാവതാരചാർത്ത്, രണ്ടാം ദിവസത്തിൽ കൂർമ്മാവതാര ചാർത്ത്, മൂന്നാം ദിവസത്തിൽ വരാഹവതാര ചാർത്ത്, നാലാം ദിവസം നരസിംഹാവതാര ചാർത്ത്, അഞ്ചാം ദിവസം വാമനാവതാര ചാർത്ത്, ആറാം ദിവസം പരശുരാമാവതാര ചാർത്ത്, ഏഴാം ദിവസം ശ്രീരാമവതാര ചാർത്ത്, എട്ടാം ദിവസം ബലരാമാവതാര ചാർത്ത്, ഒൻപതാം ദിവസം ശ്രീകൃഷ്ണാവതാര ചാർത്ത്, പത്താം ദിവസം കൽക്കി അവതാര ചാർത്ത്, സമാപന ദിവസമായ 13ന് വിജയദശമി ദിനത്തിൽ വിശ്വരൂപ ദർശനം എന്നിങ്ങനെയാണ് ചടങ്ങുകൾ.

തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി കാവുങ്കൽ സിലേഷ് എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. 3 മുതൽ 12 വരെ എല്ലാ ദിവസവും വൈകിട്ട് 7ന് പ്രഭാഷണവും തുടർന്ന് വിവിധ ക്ഷേത്രകലകളുടെ അവതരണവും കലാപരിപാടികളും നടക്കും. 13ന് രാവിലെ 8 മുതൽ സരസ്വതീ മണ്ഡപത്തിൽ പൂജയെടുപ്പും തുടർന്ന് വിദ്യാരംഭവും നടക്കും.