vrunda

തലയോലപ്പറമ്പ് : വൃദ്ധ ദമ്പതികളുടെ ഏഴുപവൻ സ്വർണാഭരണങ്ങൾ കവർന്ന ഹോംനഴ്സിനെ പൊലീസ് തന്ത്രപരമായി പിടികൂടി. നെടുമങ്ങാട് ചന്ത ഭാഗത്ത് താന്നിവിള പുത്തൻവീട്ടിൽ വൃന്ദ (25)നെയാണ് തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ചെമ്പ് ഏനാദി പാറപ്പുറം ഭാഗത്ത് പുല്ലമ്പത്തറ ഗുണശീലൻ ഭാര്യ പ്രസന്ന എന്നിവരുടെ വീട്ടിൽ രണ്ടാഴ്ച മുമ്പാണ് ഇവർ ജോലിക്കെത്തിയത്. കഴിഞ്ഞ 23 ന് പ്രസന്ന കുടുംബ ക്ഷേത്രത്തിൽ പോകുന്നതിന് കിടപ്പുമുറിയിലെ അലമാരിയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ എടുത്ത് ധരിക്കുകയും തിരികെ വയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് 28 ന് ബന്ധു വീട്ടിൽ പോകുന്നതിനായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇതിനിടെ വൃന്ദ വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് പകരം ഏജൻസിയിൽ നിന്ന് മറ്റൊരു ഹോം നഴ്‌സിനെ അയച്ചു. പ്രസന്നയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് യുവതിയെ തിരികെ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പാമ്പാടി ഭാഗത്ത് ഇവർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്ന് മോഷ്ടിച്ച ആഭരണങ്ങളുടെ ഒരു ഭാഗവും, സമീപത്തെ കടയിൽ വിറ്റ 2 പവൻ ആഭരണങ്ങളും കണ്ടെടുത്തു. എസ്.എച്ച്.ഒ വിപിൻ ചന്ദ്രൻ ,എസ്.ഐമാരായ പി.എസ് സുധീരൻ, അജി.ആർ എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.