w

കോട്ടയം: മൺസൂൺ കാലം പിന്നിടുമ്പോൾ ജില്ലയിൽ മഴയുടെ അളവിൽ ആറ് ശതമാനം കുറവ്. ജൂൺ ഒന്ന് മുതൽ സെപ്‌തംബർ 30 വരെയുള്ള മൺസൂൺ സീസണിൽ 1905.3 മില്ലിമീറ്റർ പ്രതീക്ഷിച്ചിടത്ത് ലഭിച്ചത് 1796.4 മില്ലിമീറ്റർ മഴയാണ്. മുൻ വർഷത്തെ അപേക്ഷിച്ച് മികച്ച മഴയാണ് ഇത്തവണത്തെ കാലവർഷസീസണിൽ ജില്ലയിൽ ലഭിച്ചതെന്നാണ് വിലയിരുത്തൽ. ജൂൺ ആദ്യ ദിവസങ്ങളിൽ ശക്തമായ മഴയായിരുന്നു ജില്ലയിൽ ലഭിച്ചത്. പിന്നീട് ശക്തി കുറഞ്ഞു. എന്നാൽ, ഓഗസ്റ്റിൽ ഒട്ടുമിക്ക ദിവസങ്ങളിലും മഴ പെയ്‌തു. സെ‌പ്‌തംബറിൽ വീണ്ടും മഴ കുറഞ്ഞു. ഇത് ജില്ലയെ മഴക്കുറവിലേക്ക് നയിച്ചു.

ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെ ലഭിച്ച മഴ

1905.3 മില്ലിമീറ്റർ (പ്രതീക്ഷിച്ചത് )

1796.4 മില്ലിമീറ്റർ (ലഭിച്ചത്)

തുലാവർഷത്തിന് തുടക്കം:
കാലാവസ്ഥവകുപ്പിന്റെ കണക്കനുസരിച്ച് തുലാവർഷക്കാലത്തിനും തുടക്കമായി. ഒക്ടോബർ ഒന്ന് മുതൽ ഡിസംബർ വരെയാണ് തുലാവർഷക്കാലം. കാലവർഷത്തിന്റെ തുടർച്ചയായി ഇപ്പോഴും ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ട്. എന്നാൽ, തുലാവർഷ മഴ ആരംഭിക്കാൻ ഏതാനും ദിവസംകൂടി കഴിയുമെന്നാണ് വിലയിരുത്തൽ. ഇടിയുടെയും മിന്നലിന്റെയും അകമ്പടിയോടെ ഉച്ചയ്ക്കുശേഷം പെയ്യുന്ന തുലാവർഷം ഒക്ടോബറിൽ ശക്തമാകില്ലെന്നാണ് സൂചന.

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപംകൊള്ളുന്ന ന്യൂനമർദവും ചക്രവാതച്ചുഴിയുമെല്ലാം നിർണായകമാണ്. എങ്കിലും ശരാശരിയേക്കാൾ മഴ ലഭിക്കുമെന്ന കണക്കുകൂട്ടലാണ് കാലാവസ്ഥ വകുപ്പ്.