
വൈക്കം: റോഡരികിലെ ആഴമേറിയ കുളങ്ങൾ യാത്രക്കാർക്ക് ഭീഷണിയായി. വൈക്കം-ടി.വി പുരം റോഡരികിൽ ടി.വി പുരം പൂതനേഴത്ത് വളവിലും പള്ളിപ്റത്തുശേരി അക്ഷയ സെന്ററിന് എതിർവശത്തുമുള്ള കുളങ്ങളാണ് പ്രധാനമായും അപകട ഭീഷണി ഉയർത്തുന്നത്. കുളങ്ങൾക്ക് സംരക്ഷണഭിത്തി വേണമെന്ന ആവശ്യം ശക്തമാണ്.
വൈക്കം- ടി.വി പുരം റോഡ് 10 കോടി രൂപ വിനിയോഗിച്ച് ബി.എം.ബി.സി നിലവാരത്തിൽ പുനർനിർമ്മിച്ചതോടെ ഇതുവഴിയുള്ള വാഹനഗതാഗതം വർദ്ധിച്ചിട്ടുണ്ട്. വാഹനങ്ങളുടെ വേഗതയും കൂടി. വലിയ വാഹനങ്ങൾ എതിരെ കടന്നു വരുമ്പോൾ റോഡരികിലേയ്ക്ക് ഒതുക്കുന്ന വാഹനങ്ങളും റോഡരികിൽ കുളമുണ്ടെന്ന് അറിയാതെ വേഗത്തിൽ വളവിലെത്തുന്ന വാഹനങ്ങളും നിയന്ത്റണംവിട്ട് കുളത്തിൽ പതിക്കാൻ സാദ്ധ്യതയേറെയാണ്. പൂതനേഴത്ത് വളവിനോട് ചേർന്ന കുളത്തിൽ ഒരു കാറും ബൈക്കും നിയന്ത്റണം വിട്ട് പതിച്ചിട്ടുണ്ട്. ചെളി നിറഞ്ഞ ഈ കുളത്തിൽ കഴുത്തറ്റം താണുപോയ ബൈക്ക് യാത്റികനെ പരിസരവാസികൾ കണ്ടതിനാൽ രക്ഷിക്കാൻ കഴിഞ്ഞു. കാർ കുളത്തിൽ പതിച്ചത് രാത്റിയായിരുന്നു. നാട്ടുകാർ ഓടിയെത്തി രക്ഷാപ്റവർത്തനം നടത്തിയതിനാൽ ആളപായമുണ്ടായില്ല. ഇരുകുളങ്ങളും സ്വകാര്യ വ്യക്തികളുടെ പുരയിടത്തിലാണ്. ആളപായമൊഴിവാക്കാൻ കുളങ്ങളോട് ചേർന്ന ഭാഗം കരിങ്കൽ ഭിത്തി കെട്ടി ഗതാഗതം സുരക്ഷിതമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.