
കോട്ടയം: എം.സി റോഡിൽ അപകടങ്ങൾ തുടർക്കഥയാവുമ്പോഴും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ. ചെറുതും വലുതുമായ അപകടങ്ങൾ പ്രതിദിനം ഉണ്ടാകുമ്പോഴും തുടർനടപടികൾ സ്വീകരിക്കുന്നില്ല. റോഡ് നവീകരണത്തിന് ശേഷം നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടാകുന്നത്. അമിതവേഗവും അശ്രദ്ധയുമാണ് അപകടങ്ങൾക്കും മരണങ്ങൾക്കും ഇടയാക്കുന്നത്. റബ്ബറൈസ്ഡ് ടാറിംഗും അപകടങ്ങളുടെ ആക്കം കൂട്ടുന്നു. നിരീക്ഷണ കാമറകൾ, സോളാർ ലൈറ്റുകൾ അടക്കം ഇവിടെ നോക്കുകുത്തിയാണ്.
ഇന്നലെയും അപകടം
ഇന്നലെ ഉച്ചയോടെ കോടിമത നാലുവരിപ്പാതയിൽ നാഷണൽ പെർമിറ്റ് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു. ഇത്തിത്താനം സ്വദേശിയായ വർഗീസ് (65) ന് കാലിന് പരിക്കേറ്റു. ഇയാളെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊണ്ടോടി പമ്പിന് മുന്നിലായിരുന്നു സംഭവം. നാലുവരിപ്പാതയിൽ ഡിവൈഡർ അവസാനിക്കുന്ന ഭാഗമാണിത്. നാഷണൽ പെർമിറ്റ് ലോറിയെ സ്‌കൂട്ടർ യാത്രികൻ ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം.
നിരത്തിൽ പൊലിയുന്നത്
കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി അപകടങ്ങളാണ് ഇവിടെയുണ്ടാവുന്നത്. ഒരു മാസം മുൻപ് കോടിമത നാലുവരിപ്പാതയിൽ ദോസ്ത് വാനിടിച്ച് സ്‌കൂട്ടർ യാത്രക്കാരായ ദമ്പതിമാർക്ക് ദാരുണാന്ത്യം സംഭവിച്ചിരുന്നു. മുളങ്കുഴയിലുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ പാക്കിൽ സ്വദേശി മരിച്ചതും ആഴ്ചകൾക്ക് മുൻപാണ്. ഇതിന് പിന്നാലെ നിരന്തരം റോഡിൽ അപകടങ്ങൾ ഉണ്ടായി. നാളിതുവരെ തുടർനടപടികൾക്ക് അധികൃതർ തയ്യാറാകുന്നില്ല.