തട്ടുകട മാലിന്യം ഒഴുക്കിയതിനെതിരെ പ്രതിഷേധം
പാലാ: എന്തൊരു കഷ്ടമാണ്, ഗാന്ധിജയന്തി ദിനത്തിൽ നാടാകെ ശുചീകരണത്തിനായി കൈകോർത്തപ്പോൾ തട്ടുകടയിലെ മലിനജലം പ്രധാന റോഡിലൊഴുക്കിയത് പാലായ്ക്ക് നാണക്കേടായി. ബുധനാഴ്ച രാത്രി കൊട്ടാരമറ്റത്ത് നഗരസഭാ ബസ് ടെർമിനലിനുള്ളിൽ പ്രവർത്തിപ്പിക്കുന്ന തട്ടുകടയിൽ നടന്ന സംഭവം പൊതുപ്രവർത്തകനും മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാനുമായ എബി ജെ. ജോസാണ് വീഡിയോ സഹിതം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. രാത്രിയിൽ പ്രവർത്തിക്കുന്ന തട്ടുകടയിൽ വരുന്നവർക്ക് ഭക്ഷണശേഷം കൈ കഴുകുവാനുള്ള വാഷ് ബെയിസൺ നടപ്പാത കൈയ്യേറി സ്ഥാപിച്ച ശേഷം മലിനജലം പൈപ്പുവഴി റോഡിലേയ്ക്ക് മണിക്കൂറുകളോളമാണ് ഒഴുക്കിവിട്ടത്.
അധികാരികൾക്ക് പരാതി നൽകി
മലിനജലം റോഡിലൊഴുക്കിയത് സംബന്ധിച്ച് ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിമാർ, കോട്ടയം ജില്ലാ കളക്ടർ, പാലാ നഗരസഭാ ചെയർമാൻ എന്നിവർക്ക് പരാതി നൽകിയതായി എബി ജെ. ജോസ് പറഞ്ഞു
അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് ചെയർമാൻ
വിഷയത്തിൽ അടിയന്തിര അന്വേഷണം നടത്തുമെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും പാലാ നഗര സഭാ ചെയർമാൻ ഷാജു. വി.തുരുത്തൻ പറഞ്ഞു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോട് ഇക്കാര്യത്തിൽ ഉടൻ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെയർമാൻ അറിയിച്ചു.
ഹോട്ടലുകൾ അടക്കമുള്ള സ്ഥാപനങ്ങൾക്ക് നഗരസഭാ ലൈസൻസ് നൽകുമ്പോൾ മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യില്ലെന്നു സത്യവാങ്മൂലം വാങ്ങിച്ചു വയ്ക്കുന്ന നാട്ടിലാണ് പരസ്യമായ നിയമലംഘനമെന്ന് എബി ജെ. ജോസ് ചൂണ്ടിക്കാട്ടി.
സുനിൽ പാലാ
പാലാ കൊട്ടാരമറ്റത്ത് മെയിൻ റോഡിലേക്ക് ഭക്ഷണം കഴിച്ച ശേഷം കൈകഴുകുന്ന വെള്ളം ഒഴുക്കുന്നു.