
കോട്ടയം: കുഴിയും വെള്ള ക്കെട്ടും ഇല്ലാത്തൊരു സുന്ദര റോഡ് സ്വപ്നം കാണുകയാണ് കാണക്കാരി നമ്പ്യാകുളം നിവാസികൾ. 
കാണക്കാരി അമ്പലപ്പടി മഞ്ഞക്കാല നമ്പ്യാകുളം റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് കാലം കുറേയായി.നിരവധി ആളുകൾ ആശ്രയിക്കുന്ന റോഡാണിത്. റോഡിന്റെ പല ഭാഗങ്ങളിലും കുഴികൾ രൂപപ്പെട്ടിരിക്കുന്നു. പലയിടത്തും ടാറിംഗ് നാമാവശേഷമായി. വാഹന യാത്രയും കാൽനടയാത്രയും ഒരുപോലെ ദുഷ്കരമാണ് ഇവിടെ. ഓട്ടം വിളിച്ചാൽ ഓട്ടോറിക്ഷക്കാർ പോലും ഇവിടേക്ക് വരാറില്ല. അടുത്തകാലത്ത് ഇവിടെ ഒരു മരണമുണ്ടായപ്പോൾ മൃതദേഹം പോലും വീട്ടിലേക്ക് എത്തിക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു.  തോടും റോഡും ചേരുന്ന ഭാഗത്ത് മഴക്കാലത്ത് റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുമ്പോൾ റോഡിന്റെ സംരക്ഷണ ഭിത്തിയിലൂടെ കയറിയാണ് സ്കൂൾ വിദ്യാർത്ഥികൾ കടന്നുപോകുന്നത്.
നിവേദനങ്ങളൊന്നും ഫലം കണ്ടില്ല...
റോഡിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി പ്രദേശവാസികൾ പഞ്ചായത്ത് അധികൃതർക്ക് അടക്കം പലതവണ നിവേദനങ്ങൾ നൽകിയിട്ടുണ്ട്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച റോഡ് റീടാറിംഗ് പൂർണമായി നടത്താൻ കഴിയില്ല. ഇതിനായി എം.എൽ.എ ഫണ്ടിൽ നിന്ന് തുക അനുവദിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല.  കാണക്കാരി അമ്പലപ്പടി മഞ്ഞക്കാല റോഡിൽ ഏറ്റവും കൂടുതൽ തകർന്ന 300 മീറ്ററോളം ദൂരം ടൈൽ പാകുന്നതിന് പഞ്ചായത്ത് ഫണ്ടിൽ നിന്നും 7 ലക്ഷം രൂപ അനുവദിച്ചത് ചെറിയൊരു ആശ്വാസമാണ്. അമ്പലപ്പടി ചാത്തമല കോളനി റോഡിനായി പൊതുമരാമത്ത് വകുപ്പിൽ നിന്നും 20 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. എന്നാലും റോഡിന്റെ ഭൂരിഭാഗം ഭാഗവും തകർന്നു കിടക്കുകയാണ്.എം.എൽ.എ ഫണ്ടിൽ നിന്നും റോഡിനായി പണം അനുവദിച്ചാൽ മാത്രമേ റോഡ് പൂർണമായും നന്നാക്കാനാവൂ.
റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ ജനകീയ സമരം ആരംഭിക്കും. -പ്രദേശവാസികൾ