
നീട്ടിച്ചവിട്ടിയും കുറുക്ക് കടന്നും
പാടവരമ്പിലൂടമ്മയോടി
കൊയ്ത്തുപാട്ട് കേൾക്കണു
കൂട്ടരൊപ്പം ചേരണം, ഏറ്റുപാടണം
നേരമതു വൈകി കൊയ്യാൻ
കൂടെമൂളി അമ്മയോടി.
കൊയ്ത്തു പാതിയിൽ,
വിശപ്പിൻ വിളി മുഴങ്ങി
കഞ്ഞി പകരണം, ആവി പാറണം
മണ്ടിയെത്തി വീട്ടിൽ, കണ്ടയുടനെ
കന്നുകാലികൾ നീട്ടിവിളിച്ചമ്മേ.. മ്മേ...
കണ്ടൻപൂച്ച കരഞ്ഞു കാലിലുരുമ്മി
അങ്ങേ വീട്ടിലെ പിള്ള കരയുന്നു
അലക്കുകല്ലിൽ പടക്കം പൊട്ടുന്നു
പാത്രം കലമ്പി, അമ്മ പുലമ്പി
ചെവിതല കേൾപ്പിക്കില്ലല്ലോ!
മാറുന്ന ഋതുക്കളിൽ താളവും മാറി
പൂവേ പൊലിയും പുള്ളോൻ പാട്ടും
ഓണക്കാലം ചെവിയിൽ നിറച്ചൂ
ആതിരപ്പാട്ടും കൈകൊട്ടിക്കളിയും
നാഴികതോറും പേരുചൊല്ലി
നീട്ടിവിളിച്ചയാൾ പോയ്‌മറഞ്ഞു
കാലയവനികയ്ക്കപ്പുറമൊരുനാൾ
കാതുകൂർപ്പിച്ചമ്മ പിന്നെയും
ഉതിർത്തെടുത്തു സ്വരഭേദഭങ്ങളെ!
നേരമിരുണ്ടും കാലമുരുണ്ടും പൊയ്പ്പോകെ
നേർക്കുമൊച്ചകളിൽ ഉൾവലിഞ്ഞമ്മ വലഞ്ഞു
തോരാമഴയിപ്പോൾ ചാറ്റൽപോലെ
ഇടിമുഴക്കങ്ങളിൽ അമ്മ ശാന്തയായി
കണ്ണന്റെ പുണ്യവർണ്ണന, സന്ധ്യക്ക്
കർണ്ണത്തിലെങ്ങും കേൾക്കുന്നീലാ.
അമ്മയ്ക്ക് കേൾക്കുവാനേവരും
പിന്നെ, കണ്ഠം കഴച്ചുറക്കെ ചൊല്ലി
തൊണ്ടക്കുഴി വലിയുന്ന ഭാവം
കണ്ടമ്മ പകച്ചു കുഴങ്ങി നിന്നു
ശ്രവണസഹായികൾ കൂട്ടിന്നുവന്നു
ശങ്കിച്ചു ശങ്കിച്ചവയെ മെല്ലെ
കർണ്ണാഭരണങ്ങളാക്കി മാറ്റിയമ്മ
കാതിലിപ്പോൾ സദാ കാറ്റ് മുഴങ്ങുന്നു
വണ്ടു മൂളുന്നു, മഴയലയ്ക്കുന്നു
ദുസ്സഹമാം ശബ്ദഘോഷങ്ങൾ!
സംഭ്രമം പൂണ്ടമ്മയുപേക്ഷിച്ചു
ഇത്തിരി പോന്നയാ കുഞ്ഞൻ കടുക്കനുകൾ
ഇതിലുമെത്ര ഭേദമീ നിശബ്ദലോകം
എന്നമ്മ മൊഴിഞ്ഞു മൗനമായ്!
ബധിരകർണ്ണങ്ങൾ താഴിട്ടുപൂട്ടി
മലർക്കെതുറന്നു ഉൾക്കാതിൻ ജാലകം.