
പൊൻകുന്നം: പൊൻകുന്നം ടൗണിലൂടെ കടന്നുപോകുന്ന ദേശീയപാത അടക്കമുള്ള റോഡുകളുടെ വശങ്ങൾക്ക് അത്യാവശ്യം നല്ല വീതിയുണ്ട്. ഈ വീതിക്കൂടുതൽ ഇപ്പോൾ ഉപകാരത്തേക്കാളുപരി പൊതുജനങ്ങൾക്ക് പാര ആയിരിക്കുകയാണ്. വിവിധ ആവശ്യങ്ങൾക്ക് പൊൻകുന്നത്ത് എത്തുന്നവർക്ക് തോന്നുംപടി അവരവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള ഇടമായി റോഡരികുകൾ മാറിയിരിക്കുന്നു. അനധികൃത പാർക്കിംഗ് സൃഷ്ടിക്കുന്ന പൊല്ലാപ്പുകൾ ചില്ലറയല്ല. അപകടങ്ങൾക്കും ഗതാഗതകുരുക്കുനുമൊക്കെ ഇത് കാരണമാകുന്നു. വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലെത്തുന്നവർ നോ പാർക്കിംഗ് ബോർഡുകൾ പോലും ശ്രദ്ധിക്കാതെ വാഹനങ്ങൾ തോന്നുംപോലെയാണ് പാർക്ക് ചെയ്യുന്നത്. അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിച്ച പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ പൊൻകുന്നം പാലാ റോഡിലും പൊൻകുന്നം മണിമല റോഡിലും ഇരുവശങ്ങളിലും സ്വകാര്യ വാഹനങ്ങളുടെ നീണ്ട നിരയാണ്. ഇതേ സ്ഥിതി തന്നെയാണ് ടൗണിലൂടെ കടന്നുപോകുന്ന ദേശീയപാതയുടെയും.
പി.പി.റോഡിൽ ട്രാഫിക് ജംഗ്ഷൻ മുതൽ കെ.എസ്.ആർ.ടി.സി. ഡിപ്പോ വരെ ഇരുവശങ്ങളിലും അനധികൃത പാക്കിംഗ് നിത്യ സംഭവമാണ്. ഇവിടെ കഴിഞ്ഞ ദിവസം പാർക്ക് ചെയ്തിരുന്ന സ്വകാര്യ കാറിന് പിന്നിൽ പിക്കപ് വാനിടച്ചുണ്ടായ അപകടത്തൽ കാറ് ഭാഗികമായി തകർന്നു. മണിമല റോഡിൽ ഒരു കിലോമീറ്ററോളം ദൂരം ഇരുവശവും അനധികൃത പാർക്കിംഗാണ്. രാവിലെ മുതൽ വൈകുന്നേരം വരെ ഒരേ വാഹനങ്ങൾ സ്ഥിരമായി ഒരേസ്ഥലത്തു തന്നെ കിടക്കുന്നതും കാണാം. ജോലിക്കും മറ്റുമൊക്കെയായി ദൂരെ സ്ഥലത്തേക്ക് പോകുന്നവർ ആണ് സ്ഥിരമായി ഒരു സ്ഥലത്ത് തന്നെ ഇത്തരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. പാർക്കിംഗ് സ്ഥലം സ്വന്തമായി അനുവദിച്ചു കിട്ടിയതുപോലെയാണ് ചിലരുടെ ഭാവം എന്നാണ് നാട്ടുകാർ പറയുന്നത്. ദേശീയ പാതയിൽ പഴയചന്തമുതൽ കെ.വി.എം.എസ്. ജംഗ്ഷൻവരെ ഇരുവശവും വാഹനങ്ങളുടെ പാർക്കിംഗ് ആണ്. ഇതുമൂലം അപകടങ്ങളും ഗതാഗതക്കുരുക്കും നിത്യ സംഭവമാണ്. കാൽനട യാത്രക്കാരാണ് കൂടുതൽ ബുദ്ധിമുട്ടിലാകുന്നത്. വലിയ വാഹനങ്ങൾ എതിരെ വന്നാൽ ഇരുചക്രവാനങ്ങൾക്കുപോലും കടന്നുപോകാൻ കഴിയാറില്ല.
ഇത്ര ഗുരുതരമായ നിയമലംഘനം നടത്തുന്നവർക്കെതിരെ ട്രാഫിക് പൊലീസ് യാതൊരു നടപടിയും എടുക്കുന്നില്ലെന്നു മാത്രമല്ല ഒന്നും കണ്ടില്ലെന്ന് നടിക്കുകയുമാണ്. അനധികൃത പാർക്കിംഗിനെതിരെ കർശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.