ccc

കോട്ടയം: വെളിച്ചെണ്ണ വില കുതിച്ചുയർന്നതോടെ ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയ വ്യാജ വെളിച്ചെണ്ണ വിപണിയിൽ തിരിച്ചെത്തി. സംസ്ഥാന സർക്കാരിന് കീഴിലുള്ള കേരഫെഡിന്റെ പായ്ക്കറ്റ് എണ്ണയുടെ സമാനമായ പായ്ക്കറ്റിൽ തമിഴ്നാട്ടിൽ നിന്നും എത്തിക്കുന്ന വ്യാജ വെളിച്ചെണ്ണ നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി വിപണിയിൽ വിറ്റഴിക്കുന്നത്. ചില എണ്ണയാട്ട് മില്ലുകളുടെ മറവിലും വ്യാജവെളിച്ചെണ്ണ വിറ്റഴിക്കുന്നുവെന്ന ആക്ഷേപമുണ്ട്.

വില കുറഞ്ഞ പാം കർണൽ ഓയിൽ സസ്യ എണ്ണയുമായി ചേർത്തും വ്യാജൻ ഇറക്കുന്നുണ്ട്. എണ്ണപ്പന കുരുവിന്റെ കാമ്പിൽ നിന്നാണ് കർണൽ ഓയിൽ നിർമ്മിക്കുന്നത്. വെളിച്ചെണ്ണയെക്കാൾ ഗുണം കുറവാണെങ്കിലും ഏറെക്കാലം കേടുകൂടാതെയിരിക്കും. മൃഗക്കൊഴുപ്പിൽ സൂര്യകാന്തി എണ്ണയും സസ്യഎണ്ണയും ചേർത്തുണ്ടാക്കുന്ന പാട്ട ഓയിൽ എന്നറിയപ്പെടുന്ന വ്യാജ വെളിച്ചെണ്ണ തമിഴ്നാട്ടിലെ കോഴിഫാമുകളിൽ ഇറച്ചിക്കോഴിക്ക് തൂക്കം കൂട്ടാൻ തീറ്റയോടൊപ്പം ചേർക്കാനാണ് സാധാരണ ഉപയോഗിക്കുന്നത്. കന്നുകാലികളെ കശാപ്പു ചെയ്ത ശേഷമുള്ള കുടലും മറ്റ് അവശിഷ്ടങ്ങളും അരച്ചെടുത്ത് ചൂടാക്കിയാണ് മൃഗക്കൊഴുപ്പ് ഉണ്ടാക്കുന്നത്. ഇതും വ്യാജ വെളിച്ചെണ്ണ നിർമ്മാണത്തിന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

സർവ്വത്ര മായം

നിറവും മണവും കിട്ടാൻ ലാറിക് ആസിഡും ചേർക്കും. ലിക്വിഡ് പാരഫിൻ എന്ന പെട്രോളിയം ഉത്പന്നവും വെളിച്ചെണ്ണയിൽ കലർത്താറുണ്ട്.

വ്യാജവെളിച്ചെണ്ണ സ്ഥിരമായി ഉപയോഗിച്ചാൽ കാൻസറിന് ഉൾപ്പെടെ സാദ്ധ്യതയുണ്ട്.

വിഷയത്തിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് ജില്ല ഭക്ഷോപദേശക വിജിലൻസ് സമതി അംഗം എബി ഐപ്പ് വ്യക്തമാക്കി.