bypass-

പാലാ: കടപ്പാട്ടൂർ ബൈപ്പാസിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി. ബൈപ്പാസ് റോഡ് അരികിൽ രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളുന്നത് വലിയൊരു പ്രശ്നമായതോടെ മുത്തോലി പഞ്ചായത്ത് കൊട്ടിഘോഷിച്ച് ഗാന്ധിജയന്തി ദിനത്തിൽ സി.സി. ടി.വി ക്യാമറ സ്ഥാപിച്ചിരുന്നു. മണിക്കൂറുകൾ മാത്രമായിരുന്നു ഈ ക്യാമറയുടെ ആയുസ്. വണ്ട് കയറിയെന്നും പറഞ്ഞ് സ്ഥാപിച്ച പിറ്റേന്ന് തന്നെ ക്യാമറ അഴിച്ചുമാറ്റി. ഇതോടെ വ്യാഴാഴ്ച രാത്രി വീണ്ടും കക്കൂസ് മാലിന്യം തള്ളി സാമൂഹ്യദ്രോഹികൾ.

ഇനിയിവിടെ കക്കൂസ് മാലിന്യം തള്ളുന്നതൊന്ന് കാണട്ടെ, കയ്യോടെ പിടികൂടുമെന്നായിരുന്നു ക്യാമറ സ്ഥാപിക്കുമ്പോൾ പഞ്ചായത്ത് അധികാരികളുടെ ഗർവ്വ്. പക്ഷേ ഇതിനൊരുദിവസം പോലും ആയുസുണ്ടായില്ലായെന്നത് അധികാരികളെ ചെറുതാക്കി. ക്യാമറ വച്ചാൽ എല്ലാമായി എന്ന് ആശ്വാസംകൊണ്ട പഞ്ചായത്ത് ഭരണ നേതൃത്വത്തിന്റെ മുഖത്തേറ്റ അടിയായി ഈ മാലിന്യംതള്ളൽ.

ബൈപ്പാസ് റോഡരികിൽ ടാങ്കർ ലോറി നിർത്തിയിട്ട് തൊട്ടു സമീപത്തെ റബർ തോട്ടത്തിലേക്ക് മാലിന്യം ഒഴുക്കുകയായിരുന്നു പതിവ് രീതി. രണ്ടാഴ്ച മുമ്പ് ഇവിടെ മാലിന്യം തള്ളിയവരെ നാട്ടുകാർ പിന്തുടർന്ന് പിടികൂടുകയും മൂന്നുപേരെ പാലാ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.

ഗാന്ധിജയന്തി ദിനത്തിൽ പഞ്ചായത്ത് പ്രസിഡന്റും ചില മെമ്പർമാരും മാലിന്യം തള്ളുന്ന സ്ഥലത്തെത്തി ഇവിടെയിനി സൗന്ദര്യവത്ക്കരണം നടത്താൻ പോകുകയാണെന്നും ചെടികൾ നട്ട് പിടിപ്പിച്ച് മനോഹരമാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല ഇവിടെ അന്നുതന്നെ താൽക്കാലികമായി സിസിടിവി ക്യാമറയും സ്ഥാപിച്ചിരുന്നു. എന്നാൽ വണ്ട് കയറി മൂടിയതിനാലാണത്രെ ക്യാമറ പിറ്റേന്നുതന്നെ അഴിച്ചുമാറ്റിയെന്നാണ് പഞ്ചായത്ത് അധികൃതരുടെ ഭാഷ്യം. വണ്ട് കയറിയിട്ട് ക്യാമറ മാറ്റുന്നത് അത്യപൂർവ്വ സംഭവവുമായി. എന്തായാലും സാമൂഹ്യവിരുദ്ധർ ഒട്ടും കൂസിയില്ല, അല്ലെങ്കിൽ ക്യാമറ വച്ചതും അഴിച്ചുമാറ്റിയതും അവർ അറിഞ്ഞുകാണണം. എന്തായാലും ഒരുലോഡ് കക്കൂസ് മാലിന്യം വ്യാഴാഴ്ച രാത്രിയും ഇവിടെ ഒഴുക്കി.