
കോട്ടയം: ജുവലറിയിൽ സ്വർണം കൊടുത്ത പണവുമായി ബസിൽ മടങ്ങുന്നതിനിടെ കിടങ്ങൂരിൽ മാർവാടിയെ കുരുമുളക് സ്‌പ്രേയ്ക്ക് ആക്രമിച്ച ശേഷം ഏഴു ലക്ഷം രൂപ കവർന്ന കേസിൽ പൾസർ സുനിയടക്കം ഒൻപത് പേരെയും കോടതി വെറുതെവിട്ടു. രണ്ടാം പ്രതിയായ സുനിയെ കൂടാതെ കുപ്രസിദ്ധ ഗുണ്ട അലോട്ടി, സജിത്ത് എന്ന ബുള്ളറ്റ് സജി, സുബൈർ, രഞ്ജിത്ത്, നിധിൻ ജോസഫ്, ജിതിൻ രാജു എന്ന അക്കു, ദിലീപ്, ടോം കെ.ജോസഫ് എന്ന കൊച്ചമ്മ എന്നിവരെയാണ് കോട്ടയം അഡീഷണൽ ജില്ലാ കോടതി ഒന്ന് ജഡ്ജി നിക്സൺ എം.ജോസഫ് വിട്ടയച്ചത്.
2014 മേയ് ഒന്നിന് ഉച്ചയോടെയായിരുന്നു സംഭവം. പാലായിലെ ഒരു ജ്വല്ലറിയിൽ സ്വർണം കൊടുത്ത പണമടങ്ങിയ ബാഗുമായി ഏറ്റുമാനൂർ ഭാഗത്തേയ്ക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ വരികയായിരുന്ന മാർവാടിയുടെ മുഖത്ത് പെപ്പർ സ്പ്രേ അടിച്ച ശേഷം ഒപ്പം യാത്ര ചെയ്ത ജിതിൻ ബാഗുമായി ഓടുകയായിരുന്നു. ബാക്കിയുള്ളവർ ബൈക്കിലും കാറിലുമായി പിൻതുടരുന്നുണ്ടായിരുന്നു. തുടർന്ന് സുനിയുടെ പൾസർ ബൈക്കിൽ ജിതിൻ രക്ഷപ്പെട്ടു.
ജൂവലറിയിലെ ജീവനക്കാരുമായി ചങ്ങാത്തിലായ സുനിയാണ് മോഷണം ആസൂത്രണം ചെയ്തന്നായിരുന്നു പ്രോസിക്യൂഷൻ വാദം. പ്രതിഫലമായി 20,000 രൂപ ജീവനക്കാർ നൽകിയതായി കണ്ടെത്തിയെങ്കിലും തെളിവുകളൊന്നും നിലനിൽക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിൽ റിമൻഡിലായിരുന്ന പൾസർ സുനി ഓൺലൈനിലൂടെയാണ് കേസിന്റെ വിചാരണയിൽ പങ്കെടുത്തിരുന്നത്.