
പാലാ: പതിവ് തെറ്റിച്ചില്ല, ഇയ്യാ ഹുവ്വാ അൽഫോൻസാ.... ഇന്നലെ വൈകിട്ട് പാലാ മുനിസിൽ സ്റ്റേഡിയത്തിൽ കായികപ്രേമികൾ ആർത്തുവിളിച്ചു.
67ാം കോട്ടയം ജില്ല അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പാലാ അൽഫോൻസ അക്കാദമി 448.5 പോയിന്റോടെ ജൂനിയർ വിഭാഗത്തിലും 248 പോയിന്റുമായി സീനിയർ വിഭാഗത്തിലും ഓവറോൾ ജേതാക്കളായി. ജൂനിയർ വിഭാഗത്തിൽ എസ്.എം.വി എച്ച്.എസ്.എസ് പൂഞ്ഞാർ 294 പോയിന്റുമായി രണ്ടാമതും സെന്റ് ഡൊമിനിക്സ് കോളേജ് കാഞ്ഞിരപ്പള്ളി 143 പോയിന്റുമായി മൂന്നാം സ്ഥാനവും നേടി. സീനിയർ ഓവറോൾ വിഭാഗത്തിൽ 247 പോയിന്റുമായി അസംപ്ഷൻ കോളേജ് രണ്ടാമതും 220 പോയിന്റുമായി എസ് ബി കേളേജ് ചങ്ങനാശേരി മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനത്തിൽ പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു വി.തുരുത്തൻ, മുനിസിപ്പൽ വൈസ് ചെയർമാൻ ലീന സണ്ണി, ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വർഗീസ് എന്നിവർ മുഖ്യാതിഥികളായിരുന്നു. കോട്ടയം ജില്ല അത്ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് ഫാ. മാത്യു കരീത്തറ അദ്ധ്യക്ഷത വഹിച്ചു. ഡോ. ജിമ്മി ജോസഫ് സ്വാഗതവും ജില്ലാ സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി മായദേവി, ജില്ലാ സ്‌പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ സാബു മുരിക്കവേലി എന്നിവർ ആശംസകളും നേർന്നു. ജില്ലാ അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറി ഡോ. തങ്കച്ചൻ മാത്യു നന്ദി പറഞ്ഞു.
ഇവർ നേട്ടം കൊയ്തവർ....
20 വയസിന് മുകളിലുള്ള വനിതകളുടെ വിഭാഗത്തിൽ 247 പോയിന്റ് നേടി ചങ്ങനാശേരി അസംപ്ഷൻ കോളേജാണ് ഒന്നാം സ്ഥാനം നേടിയത്. 195 പോയിന്റ് നേടിയ അൽഫോൻസാ അത്ലറ്റിക് അക്കാദമി രണ്ടാം സ്ഥാനം നേടി.
20 വയസിന് മുകളിലുള്ള പുരുഷ വിഭാഗത്തിൽ 220 പോയിന്റുമായി എസ്.ബി കോളേജ് ഒന്നാമതും 116 പോയിന്റുമായി സെന്റ് ഡൊമിനിക് കോളേജ് കാഞ്ഞിരപ്പള്ളി രണ്ടാം സ്ഥാനവും നേടി.
വനിതകളുടെ 20 വയസിൽ താഴെയുള്ള വിഭാഗത്തിൽ അൽഫോൻസ അത്ലറ്റിക് അക്കാഡമി 148 പോയിന്റുമായി ഒന്നാമതും 87 പോയിന്റുമായി അസംപ്ഷൻ കോളേജ് രണ്ടാം സ്ഥാനവും നേടി.
പുരുഷന്മാരുടെ 20 വയസിൽ താഴെയുള്ള വിഭാഗത്തിൽ സെന്റ് ഡൊമിനിക്സ് കോളേജ് 143 പോയിന്റുമായി ഒന്നാമതും 74 പോയിന്റുമായി എസ്.ബി കോളേജ് രണ്ടാം സ്ഥാനവും നേടി.
വനിതകളുടെ 18 വയസിൽ താഴെയുള്ള വിഭാഗത്തിൽ എസ്.എം.വി എച്ച്.എസ്.എസ് പൂഞ്ഞാർ 75 പോയിന്റുമായി ഒന്നാം സ്ഥാനത്തും അൽഫോൻസാ അത്ലറ്റിക് അക്കാദമി 57 പോയിന്റുമായി രണ്ടാം സ്ഥാനവും നേടി.