കോട്ടയം: ജില്ലയിൽ ചെറിയ തുകകളുടെ മുദ്രപ്പത്രങ്ങൾക്ക് ക്ഷാമം നേരിടുന്നതായി പരാതി. 50, 200 രൂപ വിലയുള്ള പത്രങ്ങൾക്കാണ് ക്ഷാമം. ചില സമയങ്ങളിൽ 200 രൂപയുടെ മുദ്രപേപ്പർ കിട്ടാതാകുമ്പോൾ 100 രൂപയുടെയും 500 രൂപയുടെയും മാത്രം മുദ്രപേപ്പറുകളാണ് ലഭിക്കുന്നത്. മറ്റ് ചിലസമയങ്ങളിൽ 100 രൂപയുടെ മുദ്രപേപ്പർ കിട്ടാതാകും. പത്രങ്ങൾ ഉണ്ടെങ്കിലും ആവശ്യക്കാർക്ക് നൽകാതെ പൂഴ്ത്തി വയ്ക്കുന്നതായും ആക്ഷേപമുണ്ട്. ചെറിയ തുകയുടെ മുദ്രപത്രങ്ങൾ വിൽക്കുമ്പോൾ വെണ്ടർമാർക്ക് തുച്ഛമായ കമ്മീഷൻ മാത്രമാണ് ലഭിക്കുന്നത്. നഗരത്തിൽ വെണ്ടർ ലൈസൻസ് ഉള്ളവരിൽ ചിലർ ആധാരം എഴുത്തിനുള്ള ലൈസൻസ് കൂടി ഉള്ളവരാണ്. ആധാരം രജിസ്‌ട്രേഷനുള്ള ദിവസങ്ങളിലാണ് ചെറിയ തുകയുടെ മുദ്രപത്രങ്ങൾ ആവശ്യക്കാർക്ക് കിട്ടാത്തത്.

വിവരങ്ങൾ രേഖപ്പെടുത്താൻ അധികസമയം
വാടകച്ചീട്ട്, ജനന സർട്ടിഫിക്കറ്റ്, വിവിധ കരാറുകൾ, അഫിഡവിറ്റുകൾ തുടങ്ങിയ ഇടപാടുകൾക്കാണ് ചെറിയ തുകയുടെ മുദ്രപ്പത്രങ്ങൾ ആവശ്യമാകുന്നത്. എല്ലായ്‌പ്പോഴും ഇതാവശ്യമുള്ളതുമാണ്. ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നുള്ളവർ ചെറിയ മുദ്രപ്പത്രങ്ങൾക്കായി നഗരത്തിലും മറ്റിടങ്ങളിലും എത്തുന്നുണ്ടെങ്കിലും നിരാശരായി മടങ്ങുകയാണ് പതിവ്. 200 രൂപയുടെ പത്രം വാങ്ങാനെത്തുന്നവർ രണ്ട് 100 രൂപ പത്രം വാങ്ങി കാര്യം നടത്തേണ്ട ഗതികേടിലാണ് ഇപ്പോൾ. പത്രം വാങ്ങുന്ന ആളുടെ പേരും വിവരങ്ങളും ബുക്കിൽ എഴുതി ചേർക്കണം എന്നതും സമയമെടുക്കുന്ന കാര്യമായതിനാൽ മറ്റുള്ള ജോലികൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ മുദ്രപേപ്പറിന് ആവശ്യക്കാർ വരുമ്പോൾ ഇല്ലായെന്ന മറുപടിയാണ് മിക്കവരും പറയുന്നത്. തഹസിൽദാർ മുദ്രപത്രങ്ങളുടെ പൂഴ്ത്തിവെപ്പ് പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായി.