
ചങ്ങനാശേരി: കോട്ടയം സഹോദയ ഇന്റർ സ്‌കൂൾ ത്രോബോൾ ടൂർണ്ണമെന്റിന്റെ ആൺ, പെൺ വിഭാഗങ്ങളിൽ ജേതാക്കളായി ഗുഡ്‌ഷെപ്പേർഡ് സ്‌കൂൾ. തെങ്ങണ ഗുഡ്‌ഷെപ്പേർഡ് പബ്ലിക് സ്‌കൂളിൽ നടന്ന ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ആൺകുട്ടികളുടെ ടീം മാടപ്പള്ളി കാർമൽ സ്‌കൂളിനെ കീഴ്‌പ്പെടുത്തിയാണ് കിരീടം ചൂടിയത്. പെൺകുട്ടികളുടെ വിഭാഗത്തിൽ മുണ്ടത്താനം ലിറ്റിൽ ഫ്‌ളവർ വിദ്യാനികേതൻ സ്‌കൂളിനെ പരാജയപ്പെടുത്തി ഗുഡ്‌ഷെപ്പേർഡ് കിരീടം നേടി. വിജയികൾക്ക് പ്രിൻസിപ്പൽ സുനിത സതീഷും റണ്ണേഴ്‌സ് അപ്പ് ടീമുകൾക്ക് മാനേജർ ജോൺസൺ എബ്രഹാം ട്രോഫികൾ സമ്മാനിച്ചു. മാനേജിംഗ് ട്രസ്റ്റി പി.പി വർഗീസ് മാച്ച് റഫറിമാരെ ആദരിച്ചു.