
മരങ്ങാട്ടുപിള്ളി: കോട്ടയം സഹോദയ സി.ബി.എസ്.ഇ സ്‌കൂൾ കലോത്സവം സർഗ്ഗസംഗമം 2024ന് ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക് സ്‌കൂൾ മരങ്ങാട്ടുപിള്ളിയിൽ ഇന്ന് തുടക്കമായി. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലെ 120 സ്‌കൂളുകളിൽ നിന്നും നാലു വിഭാഗങ്ങളിൽ 2000ലേറെ മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്. രചനാ മത്സരങ്ങളോടെയാണ് കലോത്സവം ആരംഭിച്ചത്. കഥാരചന, കവിതാരചന, ഉപന്യാസരചന, ചിത്രരചന, കാർട്ടൂൺ, പോസ്റ്റർ ഡിസൈനിംഗ് ഒപ്പം വർണ്ണാഭമായ ബാൻഡ് ഡിസ്‌പ്ലേ തുടങ്ങിയ 44 മത്സര ഇനങ്ങളാണ് ആദ്യ ദിനത്തിൽ നടന്നത്. ബാൻഡ് ഡിസ്‌പ്ലേ മത്സരയിനത്തിൽ ഒന്നാം സ്ഥാനം മേരി മൗണ്ട് പബ്ലിക് സ്‌കൂൾ ആൻഡ് ജൂനിയർ കോളേജ് കട്ടച്ചിറ കരസ്ഥമാക്കി. രണ്ടാം സ്ഥാനം മേരി റാണി പബ്ലിക് സ്‌കൂൾ ആൻഡ് ജൂനിയർ കോളേജ് പെരുന്നയും മൂന്നാം സ്ഥാനം എസ്.എഫ്.എസ് പബ്ലിക് സ്‌കൂൾ ആൻഡ് ജൂനിയർ കോളേജ് ഏറ്റുമാനൂരും കരസ്ഥമാക്കി. ഡിജിറ്റൽ പെയിന്റിംഗ്, പവർ പോയിന്റ് എന്നീ മത്സരങ്ങൾ കോട്ടയം ലൂർദ് പബ്ലിക് സ്‌കൂളിൽ ഒൻപതിന് നടക്കും. സ്റ്റേജ് ഇനങ്ങൾ 17,18,19 തീയതികളിൽ 21 വേദികളിലായി ലേബർ ഇന്ത്യ ക്യാമ്പസിൽ നടക്കും.