s

കറുകച്ചാൽ: വിമാന യാത്ര എന്ന തങ്ങളുടെ സ്വപ്നം പൂർത്തിയാക്കാൻ കഴിഞ്ഞതിന്റെ സന്തോഷമുണ്ട് എൻ.എസ്.എസ് കറുകച്ചാൽ കാർത്തികാ വനിതാ സമാജത്തിലെ 21 അംഗങ്ങളുടെ മുഖത്ത്. രണ്ട് വർഷമായി മാറ്റിവച്ച ആഗ്രഹമാണ് കഴിഞ്ഞ ദിവസം ആകാശം തൊട്ടത്.
കഴിഞ്ഞ മൂന്നിന് പുലർച്ചേ കരയോഗ മന്ദിരത്തിൽ നിന്നും പുറപ്പെട്ട് കൊച്ചിയിലെത്തി പുലർച്ചെ 5.30ന് ഇൻഡിഗോ വിമാനത്തിൽ ബംഗളൂരുവിലേക്ക് പോയത്. 26മുതൽ 68 വയസു വരെ പ്രായക്കാരായിരുന്നു സംഘത്തിൽ. ബംഗളൂരുവിലെ ബെന്നാർ ഘട്ട നാഷണൽ പാർക്ക് ജംഗിൾ സഫാരി, മൃഗശാല, ലാൽബാഗ് ബോട്ടാനിക്കൽ ഗാർഡൻ, ടിപ്പു സുൽത്താൻ സമ്മർ പാലസ്, ശിവജി നഗർ ഷോപ്പിംഗ് സെന്റർ... ഇവയെല്ലാം ചുറ്റിക്കണ്ടു. തിരിച്ച് ട്രെയിനിലായിരുന്നു യാത്ര. സംഘാംഗങ്ങളുടെ നിക്ഷേപത്തിലെ ലാഭവിഹിതവും നിക്ഷേപത്തിൽ നിന്നുള്ള ഒരു ചെറിയ ശതമാനം തുകയും ഉപയോഗിച്ചായിരുന്നു സ്വപ്ന യാത്ര.