
കോടമഞ്ഞിന്റെ മൂടുപടമണിഞ്ഞ് ഇല്ലിക്കൽകല്ല് മാടിവിളിക്കുകയാണ്. തണുത്ത കാറ്റും കഥ പറയും മേഘങ്ങളും അങ്ങകലെ ആകാശത്തെ ചേർത്തുപിടിക്കുന്ന മലനിരകളും പച്ചപ്പുൽമേടുമൊക്കെയായി സഞ്ചാരിമനസുകളെ വിസ്മയിപ്പിക്കുന്നു. മാനം തൊടുന്ന രണ്ടു കല്ലുകൾ ഇവിടെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളുടെ ക്യാൻവാസാകുന്നു!
ഒറ്റനോട്ടത്തിൽ കൊടൈക്കനാലിലെ 'പില്ലർ റോക്കി"നെ ഓർമ്മിപ്പിക്കുന്ന ഇല്ലിക്കൽകല്ല് കോട്ടയം ജില്ലയുടെ കിഴക്കൻ കവാടത്തിന് കരുത്തടയാളം തീർക്കുന്നു. ചുരുങ്ങിയ കാലംകൊണ്ട് ആരാധക ലക്ഷങ്ങളുടെ കന്മദപ്പൂവായി. സഞ്ചാരികൾക്കും സാഹസികർക്കും ഒരുപോലെ പ്രിയം. സമുദ്രനിരപ്പിൽ നിന്ന് മൂവായിരം അടി മുകളിലായതിന്റെ തലയെടുപ്പുണ്ട്. അടിവാരത്തുള്ള വിശാലമായ പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനം നിറുത്തി കുറച്ചേറെ ദൂരം നടന്നോ, ഡി.ടി.പി.സിയുടെ ജീപ്പിലോ മുകളിലെത്താം. ഹെയർപിൻ വളവുകൾക്ക് അരഞ്ഞാണം പോലെ പോതക്കാടുകൾ. ടാർ റോഡിലൂടെ മലമടക്കുകൾ താണ്ടിയുള്ള യാത്ര. പച്ചപ്പണിഞ്ഞ മൊട്ടക്കുന്നുകളെ തൊട്ടുതലോടിയെത്തുന്ന കാറ്റ് ഉള്ളംകുളിർപ്പിക്കും.
തണുത്ത കാറ്റ് ഇടയ്ക്കിടെ ഇറുകെ പുണർന്നു കടന്നുപോകും. നട്ടുച്ചയ്ക്കും വീശിക്കയറുന്ന കാറ്റിൻതണുപ്പ് അവാച്യമായ അനുഭൂതിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകും. മിഴികൾക്കു താഴിട്ട് കാറ്റിന്റെ താളത്തിനൊത്ത് ദീർഘശ്വാസമെടുത്താൽ മൂക്കിലൂടെ അരിച്ചിറങ്ങുന്ന തണുപ്പ് തലച്ചോറു തൊട്ട് ഹൃദയത്തിലേയ്ക്കിറങ്ങും. ഗ്യാസ് മിഠായി നുണഞ്ഞ് ശ്വാസമെടുക്കും പോലെ. എല്ലാ ടെൻഷനും കാറ്റ് കവരും. ഞൊടിയിടയിൽ മൂടൽമഞ്ഞു വന്ന് തൊട്ടപ്പുറത്തുള്ള കാഴ്ചകളെ മറയ്ക്കും. പ്രകൃതിയുടെ മടിത്തട്ടിൽ കാഴ്ചകൾ കൂട്ടിനു വരുമ്പോൾ മനസു നിറയെ ഇല്ലിക്കൽകല്ലിന്റെ വശ്യത നിറയും. മേയുന്നതിനിടെ ശിലയായി ഉറഞ്ഞുപോയ കാട്ടാനക്കൂട്ടം അങ്ങു ദൂരയെന്നു തോന്നും
ബഡ്ജറ്റിൽ
ടെൻഷൻ വേണ്ട
ട്രക്കിംഗിന്റെ ആവേശം നിറയ്ക്കാൻ കുത്തനെയുള്ള കയറ്റമുണ്ട്. പിടിച്ചു കയറാൻ സുരക്ഷാവേലിയും. കയറുംമുൻപും ഇറങ്ങിയതിനു ശേഷവും ആവോളം വിശ്രമിക്കാൻ ടൈലുകൾ പാകി മനോഹരമാക്കിയ വഴിത്താരയും ചാരുബെഞ്ചുകളും. നടന്നുകയറി മുകളിലെത്തിയാൽ കുടക്കല്ല്, കൂനൻ കല്ല് എന്നിങ്ങനെയുള്ള രണ്ടു പാറകൾ. ഇവയ്ക്കു താഴെ ഗുഹയും കൂടെ ഉമ്മിക്കുന്നും. സന്ധ്യയോടടുത്താൽ ആകാശം ചെമ്പണിയും. മലനിരകളിലേയ്ക്ക് ഒളിക്കാൻ വെമ്പുന്ന സൂര്യനെ കണ്ടു മടങ്ങാം. ചുരുങ്ങിയ ബഡ്ജറ്റിൽ കോട്ടയത്തും അയൽജില്ലകളിലും ഉള്ളവർക്ക് ഒറ്റദിവസം കൊണ്ട് പോയിവരാം.
ശ്രദ്ധിക്കാൻ
ഏറെയുണ്ട്
മിന്നലും ഇടിയുമുള്ളപ്പോൾ യാത്ര അപകടകരമാണ്. മഴക്കാലത്ത് മണ്ണിടിച്ചിലിനും സാദ്ധ്യതയുണ്ട്. ഇല്ലിക്കൽകല്ലിന്റെ മുകൾ ഭാഗത്തേക്ക് സഞ്ചാരികൾ പോകുന്നതിനും വിലക്കുണ്ട്. അതിനു സമീപത്തുള്ള കുന്നുവരെ പോകാനേ അനുമതിയുള്ളൂ. സെൽഫിയെടുക്കുന്നതിനിടെ നിരവധി പേർക്ക് അപകടമുണ്ടായതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ. കാറ്റും കാഴ്ചയും കോടമഞ്ഞും മനസ് മഥിക്കുമ്പോൾ ശ്രദ്ധ പതറാതെ നോക്കണം. ഇരുവശങ്ങളിലുമുള്ള വലിയകൊക്കയിലേയ്ക്കു പതിച്ചാൽ മരണം ഉറപ്പ്. ഒരു സമയത്ത് ഒരാൾക്കേ ആ പാതയിലൂടെ പോകാൻ കഴിയുകയുള്ളൂ. പുല്ലുകൾ വകഞ്ഞുമാറ്റിയുള്ള യാത്ര അതീവസാഹസികമാണ്. നരകപ്പാലം എന്നാണ് ഈ ഒറ്റയടിപാത അറിയപ്പെടുന്നത്. നരകപ്പാലത്തിലൂടെയുള്ള യാത്രയിൽ കുറച്ചേറെ പേർക്ക് ജീവഹാനി സംഭവിച്ചിട്ടുള്ളതു കൊണ്ടാണ് ഇപ്പോൾ ആ യാത്രയ്ക്ക് അനുമതി നിഷേധിച്ചിട്ടുള്ളത്.
പ്രവർത്തനം രാവിലെ: 8 മുതൽ വൈകിട്ട് 6വരെ
 59 രൂപയടച്ചാൽ ജീപ്പിൽ പോയി വരാം.
പ്രവേശന ഫീസ്: 20, ജീപ്പ് യാത്ര: 39
എങ്ങനെ എത്താം?
 ഈരാറ്റുപേട്ട-വാഗമൺ റോഡിൽ തീക്കോയി ജംഗ്ഷനിൽ നിന്ന് തലനാട് വഴി
ഈരാറ്റുപേട്ട-വാഗമൺ റോഡിൽ തീക്കോയി ജംഗ്ഷനിൽ നിന്ന് അടുക്കം വഴി
ഈരാറ്റുപേട്ട-തൊടുപുഴ റോഡിൽ കളത്തുക്കടവ് ജംഗ്ഷനിൽ നിന്ന് മൂന്നിലവ് വഴി
 ഇല്ലിക്കൽ കല്ലിൽ നിന്ന് മറ്റ് ടൂറിസം കേന്ദ്രങ്ങളിലേയ്ക്ക്: കട്ടിക്കയം: 3കി.മീ, കണ്ണാടിപ്പാറ: 5 കി.മീ, ഇലവിഴാപ്പൂഞ്ചിറ: 11 കി.മീ, മാർമല: 15 കി.മീ,അയ്യംപാറ: 15 കി.മീ, വാഗമൺ: 28 കി.മീ.
നാടൻ ഭക്ഷണം
നാടൻ ഭക്ഷണമാണ് മെയിൻ. ഈരാറ്റുപേട്ടയിൽ നിന്ന് വരുമ്പോൾ തീക്കോയി വരെയാണ് ഹോട്ടലുകൾ. കപ്പയും കള്ളപ്പവും പൊറോട്ടയും ചപ്പാത്തിയും ഉൾപ്പെടെ നാടനും ചൈനീസും അറബിയുമെല്ലാം കിട്ടും. ചിക്കനും ബീഫും മുളകിട്ട മീൻ കറിയും പന്നിയും ലിവറും ഇടിയിറച്ചിയുമൊക്കെ കഴിക്കാം. വഴിവക്കിൽ കള്ളുഷാപ്പുകളുമുണ്ട്. വേനലിൽ കടുത്ത ജലക്ഷാമമാണ് ഇല്ലിക്കൽകല്ലിന്റെ പോരായ്മ. വാഗമണ്ണിലാണ് താമസ സൗകര്യങ്ങൾ. തീക്കോയി, തലനാട് ഭാഗങ്ങളിൽ ചെറിയ ഹോംസ്റ്റേകളുമുണ്ട്.