കല്ലറ: നവരാത്രി ആഘോഷങ്ങൾക്ക് കല്ലറ ശ്രീ ശാരദ ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക്. രാവിലെയും വൈകിട്ടും നൂറുകണക്കിന് ഭക്തജനങ്ങളാണ് വിവിധ സ്ഥലങ്ങളിൽ നിന്നായി ക്ഷേത്രസന്നിധിയിൽ എത്തിച്ചേരുന്നത്. വൈകിട്ട് നവരാത്രി മണ്ഡപത്തിൽ നടക്കുന്ന കലാപരിപാടികൾ ആസ്വദിക്കാനും നിറഞ്ഞ സദസാണ്. നവരാത്രി ആഘോഷത്തിന്റെ നാലാം ദിവസമായ ഇന്ന് രാവിലെ 8 ന് ശ്രീ വിദ്യാമന്ത്രപൂജയും സരസ്വതി സഹസ്രനാമജപത്തിന്റെ സമർപ്പണവും നടക്കും. ചടങ്ങിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുക്കും. വൈകിട്ട് വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ സമൂഹ പ്രാർത്ഥനയും തുടർന്ന് നവരാത്രി മണ്ഡപത്തിൽ സംഗീത കച്ചേരിയും നടക്കും. എട്ടാം ദിവസമായ 10 ന് പ്രസിദ്ധമായ വിശേഷാൽ ഗ്രന്ഥം എഴുന്നള്ളിപ്പ് നടക്കും. കളമ്പുകാട് ഗുരു മന്ദിരത്തിൽ നിന്ന് പൂജവെപ്പിനുള്ള പുസ്തകങ്ങൾ ഭക്തജനങ്ങൾ താലപ്പൊലിയുമായി ദേവിയുടെ നാരായം, ഗ്രന്ഥം, മാണിക്യവീണ, കുട മുതലായ താളമേള വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ക്ഷേത്ര സങ്കേതത്തിലേക്ക് എഴുന്നള്ളിക്കും. വിജയദശമി ദിനമായ 13ന് രാവിലെ 7.30 ന് പൂജയെടുപ്പും തുടർന്ന് വിദ്യാരംഭവും നടക്കും. എല്ലാവർഷത്തെയും പോലെ വിദ്യാരംഭ ചടങ്ങിന് ഇവിടെയെത്തുന്ന ആയിരക്കണക്കിന് ഭക്തജനങ്ങൾക്ക് ഹരിശ്രീ കുറിക്കുന്നതിന് വേണ്ടിയുള്ള വിപുലമായ ഒരുക്കങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ക്ഷേത്രം തന്ത്രി പറവൂർ രാജേഷ് തന്ത്രികൾ, മേൽശാന്തി അജിത് പാണാവള്ളി എന്നിവർ വിദ്യാരംഭ ചടങ്ങിന് മുഖ്യ കാർമികത്വം വഹിക്കും.