പാലാ: മീനച്ചിൽ താലൂക്കിൽ വിതരണം ചെയ്യപ്പെടുന്ന പായ്ക്കറ്റ് പാലിൽ കൃത്രിമമുണ്ടെന്ന് ആക്ഷേപം. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ പരിശോധന നടത്തണമെന്ന് മാണി സി. കാപ്പൻ എം.എൽ.എ. ഇന്നലെ ചേർന്ന മീനച്ചിൽ താലൂക്ക് വികസന സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച് പരാതി ഉയർന്നത്. ചെറുകിട കർഷകരിൽനിന്നും ശേഖരിക്കുന്ന പാൽ കേടാകാതിരിക്കാനും കൊഴുപ്പ് കൂട്ടാനും രാസവസ്തുക്കൾ ഉപയോഗിക്കുന്നതായും സമിതി അംഗങ്ങൾ പരാതിപ്പെട്ടു. ഫുഡ് സേഫ്റ്റി ഒാഫീസർമാരുടെ നേതൃത്വത്തിൽ സ്‌പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ച് വിവിധ പേരുകളിലുള്ള പാൽ ലാബുകളിൽ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. കൃഷിഭൂമിയിൽ വ്യാപകമായി കളനാശത്തിനായി വിഷം പ്രയോഗിക്കുന്നതുകൊണ്ട് കിണറുകൾ മലിനമാവുകയും കന്നുകാലികൾക്ക് രോഗമുണ്ടാകുന്നതായും അംഗങ്ങൾ ചൂണ്ടിക്കാണിച്ചു.
മീനച്ചിൽ താലൂക്കിന്റെ മലയോര പഞ്ചായത്തുകളായ മൂന്നിലവ്, മേലുകാവ്, തലനാട്, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തിടനാട് പഞ്ചായത്തുകളിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാകുന്നതായി അംഗങ്ങൾ പരാതിപ്പെട്ടു. ഈ വിഷയം ചർച്ച ചെയ്യാനും കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാനുള്ള ഉത്തരവ് നടപ്പാക്കാനും പഞ്ചായത്ത് സെക്രട്ടറിമാരുടെയും ജനപ്രതിനിധികളുടെയും യോഗം ഏഴു ദിവസത്തിനകം വിളിച്ചു ചേർത്ത് നടപടി സ്വീകരിക്കാൻ മീനച്ചിൽ തഹസീൽദാരെ ചുമതലപ്പെടുത്തി.

ജനറൽ ആശുപത്രിയുടെ പ്രധാന കെട്ടിടത്തിനു സമീപം മോർച്ചറിയോട് ചേർന്ന് സംരംക്ഷണ ഭിത്തി തകർന്ന കാര്യം ആശുപത്രി വികസനസമിതി അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഈ ആവശ്യത്തിലേക്ക് 7 ലക്ഷം രൂപ എം.എൽ.എ ഫണ്ടിൽ നിന്നും എം.എൽ.എ അനുവദിച്ചു. എസ്റ്റിമേറ്റ് പ്രകാരം 21 ലക്ഷം രൂപ ആവശ്യമുണ്ടെന്ന് അംഗങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ ഈ ആവശ്യത്തിലേക്ക് രണ്ട് എം.പിമാരും ഏഴു ലക്ഷം രൂപ വീതം നൽകാൻ തയ്യാറാകണമെന്ന് സമിതി അംഗങ്ങൾ ആവശ്യപ്പെട്ടു.
ജനറൽ ആശുപത്രിയിൽ 3500 പേരിലധികം രോഗികൾ ഡയാലിസിസിനും 600 പേർ കാൻസർ രോഗചികിത്സക്കും എത്തുന്നതായി ആർ.എം.ഒ ഡോ. അരുൺ യോഗത്തിൽ അറിയിച്ചു. ടൗണിൽ വാഹന പാർക്കിംഗ് സൗകര്യം ഏർപ്പെടുത്താൻ സിവിൽ സ്റ്റേഷൻ പരിസരത്ത് കാടുപിടിച്ചു കിടക്കുന്ന സ്ഥലം പ്രയോജനപ്പെടുത്തണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. യാത്രാക്ലേശം പരിഗണിച്ച് ഈരാറ്റുപേട്ടക്ക് രാത്രി 10.30 ന് ഒരു ബസ് കൂടി സർവീസ് നടത്തുമെന്ന് എ.റ്റി ഒ യോഗത്തെ അറിയിച്ചു. പൈപ്പിടാനായി വെട്ടിപ്പൊളിച്ച റോഡുകൾ മണ്ണിട്ടു നികത്താത്തതിനാൽ റോഡുകൾ ടാർ ചെയ്യാൻ കഴിയുന്നില്ലെന്ന് പി.ഡബ്ള്യു.ഡി. ഉദ്യോഗസ്ഥർ പറഞ്ഞു. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി ജലജീവൻ മിഷൻ പദ്ധതി ഉദ്യോഗസ്ഥർ അടുത്ത യോഗത്തിൽ സംബന്ധിക്കണമെന്ന് നിർദ്ദേശമുണ്ടായി.
മാണി സി.കാപ്പൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു.വി തുരുത്തൻ, ഈരാറ്റുപേട്ട ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ തോമസ് മാളിയേക്കൽ, ചാർലി ഐസക്, സമിതി അംഗങ്ങളായ ജോസുകുട്ടി പൂവേലിൽ, പി.എം ജോസഫ്, ആന്റണി ഞാവള്ളി, ഔസേപ്പച്ചൻ ഓടയ്ക്കൽ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.