
കോട്ടയം: പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തോട് അനുബന്ധിച്ച് ഈ വർഷത്തെ കച്ഛപി പുരസ്‌കാരവും സാരസ്വതം സ്‌കോളർഷിപ്പും വിതരണം ചെയ്തു. മൃദംഗ വിദ്വാന്മാരായ പെരുന്ന ജി.ഹരികുമാർ, കോട്ടയം ടി.എസ് അജിത് എന്നിവർ കച്ഛപി പുരസ്‌കാരത്തിന് അർഹരായി. ക്ഷേത്ര കലാ മണ്ഡപത്തിൽ നടന്ന ചടങ്ങിൽ ഇരുവർക്കും ഊരാൺമയോഗം സെക്രട്ടറി കൈമൂക്കില്ലം കെ.എൻ നാരായണൻ നമ്പൂതിരി പുരസ്‌കാരം കൈമാറി. തുടർന്ന് വിദ്യാഭ്യാസരംഗത്ത് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സാരസ്വതം സ്‌കോളർഷിപ്പും വിതരണം ചെയ്തു. ചടങ്ങിൽ പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയ് മാത്യു അദ്ധ്യക്ഷത വഹിച്ചു. മദ്യവിരുദ്ധ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് റോയി ജോർജ്, ഗ്രാമപഞ്ചായത്ത് മെമ്പർ സുമ മുകുന്ദൻ, ആത്മജ വർമ്മ തമ്പുരാൻ, പനച്ചിക്കാട് ദേവസ്വം അസിസ്റ്റന്റ് മാനേജർ കെ.വി ശ്രീകുമാർ എന്നിവർ പങ്കെടുത്തു. ദേവസ്വം മാനേജർ കരുനാട്ടില്ലം കെ.എൻ നാരായണൻ നമ്പൂതിരി സ്വാഗതം പറഞ്ഞു.
പനച്ചിക്കാട് ഇന്ന്
പനച്ചിക്കാട് ദക്ഷിണമൂകാംബിക ക്ഷേത്രത്തിൽ ഇന്ന് രാവിലെ 4ന് പള്ളിയുണർത്തൽ, 5ന് അഭിഷേകം, വൈകിട്ട് 6ന് പുഷ്പാഭിഷേകം, 7ന് അത്താഴപൂജ. കലാമണ്ഡപത്തിൽ രാവിലെ 4ന് സഹസ്രനാമജപം, 6ന് സമ്പ്രദായ ഭജൻസ്, 7.30ന് പുല്ലാങ്കുഴൽ, 8.10ന് വയലിൻ, 9ന് സംഗീതം, 11.20ന് മൃദംഗം, 1ന് സംഗീതം, 2ന് സംഗീതം, 3.10ന് തിരുവാതിര, 3.30ന് ഭരതനാട്യം, 5ന് സംഗീതസദസ്, വൈകിട്ട് 7ന് ദേശീയ സംഗീത നൃത്തോത്സവത്തിൽ ഡോ.കശ്യപ് മഹേഷ് ട്രിച്ചി സംഗീത സദസ് അവതരിപ്പിക്കും. 9ന് ഭരതനാട്യം, 10ന് മോഹിനിയാട്ടം, 1ന് ശാസ്ത്രീയസംഗീതം.