elampalli

വാഴൂർ: പലവട്ടം സംഭവിച്ചു. ഇനിയും ആവർത്തിക്കാം. ഇളംപള്ളി കവലയിൽ അപകടം സംഭവിക്കുമെന്ന് നാട്ടുകാർ അങ്ങനെ തറപ്പിച്ചുപറയും. ദേശീയപാതയിലെ കൊടുംവളവും ഇറക്കവും പിന്നിട്ടെത്തുന്ന വാഹനങ്ങൾക്ക് നിയന്ത്രണം നഷ്ടമായാൽ പതിക്കുക 40 അടി താഴ്ചയിലുള്ള പള്ളിക്കത്തോട് റോഡിലേക്കാകും. ഇങ്ങനെ എത്രതവണ സംഭവിച്ചു എന്നതിന് കണക്കില്ല. ഇനിയും ആവർത്തിച്ചുകൂടാ. അതിന് ഇളംപള്ളി കവലയിൽ ക്രാഷ് ബാരിയർ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആണയിട്ട് പറയുന്നു. കൊടുംവളവിൽ സ്ഥിതി ചെയ്യുന്ന ഇളംപള്ളിക്കവലയിൽ നിന്നാണ് പള്ളിക്കത്തോട് റോഡ് തുടങ്ങുന്നത്. ദേശീയപാതയിൽ ഭാഗികമായി മാത്രമാണ് സംരക്ഷണഭിത്തി ഉള്ളത്. ബാക്കിഭാഗം ഏതു സമയത്തും ഇടിയാൻ സാധ്യതയുണ്ട്. ഒരുവശം കുന്നും മറുവശം കുഴിയുമായതുകൊണ്ടുതന്നെ റോഡിന് വീതി കുറവാണ്. അത് അപകടസാധ്യത ഇരട്ടിയാക്കുന്നു.

ആകെ കാടുമൂടി, വെളിച്ചവുമില്ല

റോഡിന് ഇരുവശവും കാടുമൂടിയ നിലയിലാണ്. വഴിവിളക്കുകൾ തെളിയാറില്ല. നാട്ടുകാർ ഉൾപ്പെടെ ഈ കാര്യത്തിൽ പരാതി പറഞ്ഞിരുന്നു. കാറുകളും ഇരുചക്രവാഹനങ്ങളും ജംഗ്ഷനിൽ ഏറെയും അപകടത്തിൽപ്പെട്ടത്. അപകടമേഖലയായിട്ടും മുന്നറിയിപ്പ് ബോർഡുകൾ പോലും സ്ഥാപിച്ചിട്ടില്ല. റോഡ് പരിചയമില്ലാത്ത ഡ്രൈവർമാർക്ക് ഇവിടെയെത്തുമ്പോൾ റോഡ് സംബന്ധിച്ച് ഒരു എത്തുംപിടിയുമില്ല. ഇത് പലപ്പോഴും അപകടത്തിൽകലാശിക്കുകയും ചെയ്യും.

പൊട്ടിപ്പൊളിഞ്ഞ റോഡും വളവുകളുമാണ് ഇളംപള്ളികവലയുടെ ശാപം. ഇവിടെ അപകടങ്ങൾ ഒഴിവാക്കാൻ ശാശ്വതമായ പരിഹാരം കാണാൻ അധികൃതർ തയാറാകണം.
ജെയ്നി മറ്റപ്പള്ളി ഇളംപള്ളി.

സുരക്ഷാ സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ട് ദേശീയപാത അതോറിട്ടിക്ക് പലതവണ പരാതി നൽകിയിട്ടും നടപടിയില്ല.