വൈക്കം: വൈക്കത്തഷ്ടമിക്ക് മുന്നോടിയായി നടത്തുന്ന പുള്ളി സന്ധ്യവേല നാളെ ആരംഭിക്കും. 10, 12, 14 തീയതികളിലും പുള്ളി സന്ധ്യവേല ഉണ്ടാവും. രാവിലെ 8ന് എതൃത്ത ശ്രീബലിക്കായി വൈക്കത്തപ്പന്റെ തിടമ്പ് പുറത്തേക്ക് എഴുന്നള്ളിക്കും. ഗജവീരൻ തിരുനക്കര ശിവൻ തിടമ്പേറ്റും. വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം പൂർത്തിയാക്കി എഴുന്നള്ളിപ്പ് സമാപിക്കും . വൈകിട്ട് 8 ന് വിളക്കെഴുന്നള്ളിപ്പും നടക്കും.
രാവിലെയും വൈകിട്ടും ആനപ്പുറത്ത് ശ്രീബലി, മണ്ഡപത്തിൽ വാരമിരിക്കൽ, പ്രാതൽ, വിളക്ക് എന്നിവയാണ് സന്ധ്യ വേലയുടെ പ്രധാന ചടങ്ങുകൾ.
ദേവസ്വം ഭാരവാഹികളും ഭക്തരും ഉത്സവത്തിന് മുന്നോടിയായി വൈക്കത്തപ്പനെ വന്ദിച്ച് ആഘോഷപൂർവം നടത്തുന്ന ചടങ്ങാണ് പുള്ളി സന്ധ്യവേല . അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസർ വി. ഈശ്വരൻ നമ്പൂതിരി നേതൃത്വം നൽകും. പുള്ളിസന്ധ്യ വേലയുടെ കോപ്പുതൂക്കൽ ഇന്ന് രാവിലെ 9 നും 11 നും ഇടയിൽ ക്ഷേത്ര കലവറയിൽ നടക്കും.

കലാപരിപാടികൾ അവതരിപ്പിക്കാം

മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവം നവംബർ 12ന് കൊടികയറി 24ന് ആറാട്ടോടെ സമാപിക്കും. അഷ്ടമി ദിവസങ്ങളിൽ ക്ഷേത്രത്തിൽ വഴിപാടായി കലാ പരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർ 15 നകം ദേവസ്വം ഓഫിസിൽ അപേക്ഷ നൽകണം. ദേവസ്വം ബോർഡിന്റെ ഉത്തരവ് പ്രകാരം കലാകാരൻമാർ പക്കമേളം കൊണ്ടുവരണം. പെൻഡ്രൈവ് ,സി.ഡി, കാസറ്റ്, എന്നിവ ഉപയോഗിക്കാൻ അനുവദിക്കില്ല.