
കോട്ടയം: മഴയിൽ സംഭവിച്ചതല്ല. പക്ഷേ റോഡിൽ നിറയെ വെള്ളമുണ്ട്. കുടിവെള്ളപ്പൈപ്പ് പൊട്ടിയാൽ ഇതല്ല ഇതിനപ്പുറവും സംഭവിക്കുമെന്ന് കോട്ടയം നഗരവാസികൾ പറയും. ഏത് റോഡെന്നല്ല. കോട്ടയത്തെ എല്ലാം റോഡും ഇങ്ങനെയാണ്. പൈപ്പ് പൊട്ടും , പിന്നെ വഴിനീളെ കുടിവെള്ളം...
മാർക്കറ്റ് റോഡ്, കഞ്ഞിക്കുഴി, റെയിൽവേ അടിപ്പാത, മള്ളൂശ്ശേരി എന്നുവേണ്ട പലയിടങ്ങളിലും സമാനഅവസ്ഥ. പൈപ്പ് പൊട്ടൽ മാത്രമല്ല, വെള്ളപാച്ചിലിൽ റോഡും പൊട്ടിപ്പൊളിയുമ്പോൾ കോട്ടയംകാർക്ക് ഇരട്ടിദുരിതം.... പരാതിപ്രളയം....
പൊട്ടും, പിന്നെ വെള്ളംകെട്ടും
കഞ്ഞിക്കുഴി റെയിൽവേ അടിപ്പാതയ്ക്ക് സമീപത്തായി പൈപ്പ് പൊട്ടിയതിനെ തുടർന്ന് രണ്ട് ദിവസമായി കുടിവെള്ളം പാഴാകുന്നുണ്ട്. ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് അടിപ്പാതയിലെ റോഡിലേക്ക് ഒഴുകിയെത്തുന്നത്. അടിപ്പാതയിൽ വെള്ളം കെട്ടിക്കിടക്കുന്നത് യാത്രക്കാരെ വലയ്ക്കുകയാണ്. ഇറക്കമിറങ്ങിയെത്തുന്ന ഇരുചക്രവാഹനങ്ങൾ വെള്ളക്കെട്ടിലകപ്പെടുന്ന അവസ്ഥയാണ്. പാലത്തിന് സമീപം നിരവധി വീടുകളും സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെ പാത ടാറിംഗ് ചെയ്യാത്തതിനാൽ ചെളിനിറഞ്ഞ നിലയിലാണ്.
പൊട്ടൽ പരിഹരിച്ചു, മണ്ണിട്ട് മൂടി..
കേരളകൗമുദി-മാർക്കറ്റ് റോഡിലും ദിവസങ്ങൾക്ക് മുൻപ് പൈപ്പ് പൊട്ടിയിരുന്നു. റോഡ് തകർന്നതിനെ തുടർന്ന് റോഡിൽ ചെളിയും കല്ലും നിരന്നു. പൈപ്പ് പൊട്ടൽ താത്ക്കാലികമായി പരിഹരിച്ചെങ്കിലും റോഡ് സഞ്ചാരയോഗ്യമായില്ല. താത്ക്കാലികമായി കുഴികൾ മണ്ണിട്ടുമൂടി.
വീട് ഭാഗികമായി തകർന്നു
വാട്ടർ അതോറിട്ടിയുടെ പൈപ്പ് പൊട്ടി മള്ളൂശേരിയിൽ ചെറുവള്ളിൽ സി.വി സജീവിന്റെ വീട് ഭാഗികമായി തകർന്നു. പൈപ്പ് പൊട്ടി 15 അടിയോളം ഉയരത്തിലാണ് വെള്ളം ഉയർന്നുപതിച്ചത്. മേൽക്കൂര, ഇലക്ട്രിക് ഉപകരണങ്ങൾ, ഫർണിച്ചറുകൾ തുടങ്ങിയവ നശിച്ചു. ജല അതോറിട്ടിയുടെ എസ്.എച്ച് മൗണ്ട് ടാങ്കിൽ നിന്നും പുല്ലരിക്കുന്നിലേക്ക് ജലവിതരണം നടത്തുന്ന ചുങ്കം പുല്ലരിക്കുന്ന് റോഡിന് വശത്തെ പൈപ്പാണ് പൊട്ടിയത്.
പൈപ്പ് പൊട്ടൽ വ്യാപകമായ പ്രദേശത്ത് വേനൽക്കാലത്ത് കുടിവെള്ള ക്ഷാമം രൂക്ഷം