
കോട്ടയം: വിമലഗിരി റോഡിലൂടെയാണ് യാത്ര പോകേണ്ടതെങ്കിൽ ഈ വഴിയെക്കുറിച്ച് അറിയാവുന്നവർ ഒന്നു ഭയക്കും. അത്രയ്ക്കും മോശമാണ് റോഡ്. യാത്രക്കാരുടെ നടുവൊടിക്കുന്ന റോഡ്. നഗരത്തിനുള്ളിലെ റോഡാണ് തകർന്ന് തരിപ്പണമായി കിടക്കുന്നത്. വിമലഗിരി കത്തീഡ്രൽ, എ.ആർ ക്യാമ്പ്, കഞ്ഞിക്കുഴി, വട്ടമൂട്, തിരുവഞ്ചൂർ, പാറമ്പുഴ എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന റോഡാണ്. ഈ റോഡിന് സമീപത്തെ മറ്റ് റോഡുകൾ നന്നാക്കിയെങ്കിലും ഇവിടം അവഗണനയിലാണ്.
കണ്ടില്ലെന്ന് നടിച്ച് അധികൃതർ
നഗരത്തിലൂടെ തലങ്ങും വിലങ്ങും യാത്ര ചെയ്യുന്ന അധികൃതർ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. വിമലഗിരി കത്തീഡ്രലിന് സമീപത്തായി സ്ഥിതി ചെയ്യുന്ന റോഡ് തകർന്നിട്ട് നാളുകളായി. നാളിതുവരെ റോഡ് നന്നാക്കുന്നതിനുള്ള നടപടികൾ അധികൃതർ സ്വീകരിക്കുന്നില്ല. കത്തീഡ്രൽ കവാടം ഭാഗം വരെ മാത്രമാണ് ടാറിംഗ് ചെയ്തിരിക്കുന്നത്. തകർന്ന റോഡിന്റെ വശങ്ങളിൽ ഇന്റർലോക്ക് പാകി നടപ്പാതകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും റോഡ് ശോച്യാവസ്ഥയിലാണ് സ്ഥിതി ചെയ്യുന്നത്. രാത്രികാലങ്ങളിൽ റോഡിലൂടെയെത്തുന്നവർ അപകടത്തിൽപ്പെടുന്നതിനും ഇടയാക്കുന്നു. മഴക്കാലത്ത് റോഡിൽ ചെളിയും വെള്ളക്കെട്ടും ഉണ്ടാകുന്നതിന് ഇടയാക്കുന്നു.
തിരക്കിലകപ്പെടാതെ, യാത്രചെയ്യാം
ടൗണിലെ തിരക്ക് ഒഴിവാക്കി വട്ടമൂട്, തിരുവഞ്ചൂർ, കളക്ടറേറ്റ്, കഞ്ഞിക്കുഴി, റബ്ബർ ബോർഡ്, റെയിൽവേ എന്നിവിടങ്ങളിലേക്ക് വേഗത്തിൽ എത്തിച്ചേരാവുന്നതിനാൽ നിരവധി പേരാണ് ഈ റോഡിലൂടെ യാത്ര ചെയ്യുന്നത്. റോഡിന് സമീപത്തെ മീനച്ചിലാറിന്റെ തീരത്തും പാലത്തിന് സമീപത്തും നിരവധി പേർ സായാഹ്നങ്ങൾ ചെലവഴിക്കാനായും എത്താറുണ്ട്.
റോഡിലെ കുഴികൾ നികത്തണം. റീടാറിംഗ് ചെയ്ത് റോഡ് സഞ്ചാരയോഗ്യമാക്കണം -യാത്രക്കാർ.