മുണ്ടക്കയം : കരിനിലം - മുരിക്കുംവയൽ പശ്ചിമ - കോസടി റോഡ് മണ്ഡലകാലത്തിനു മുൻപ് യാത്രായോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മല അരയമഹാസഭ സമരം ശക്തമാക്കുമെന്ന് സഭ ജനറൽ സെക്രട്ടറി പി.കെ സജീവ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 12ന് രാവിലെ 10 ന് നൂറുകണക്കിനാളുകൾ തകർന്ന് തരിപ്പണമായ റോഡിലൂടെ കോസടിയിൽ നിന്ന് കാൽനടയായി 10 കിലോമീറ്റർ സഞ്ചരിച്ച് കരിനിലത്തെത്തി സമരപ്രഖ്യാപനം നടത്തും. റോഡിന്റെ ശാപമോക്ഷത്തിനും അധികാരികളുടെ കണ്ണു തുറപ്പിക്കുന്നതിനുമായി കാൽനടയായി പുറപ്പെടുന്ന സംഘത്തിന് പാതയോരത്തെ നിരവധി മഹാക്ഷേത്രങ്ങൾ ദീപം പകർന്ന് പിന്തുണയേകും. റോഡ് സഞ്ചാരയോഗ്യമാക്കുന്നതുവരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി സഭ മുന്നോട്ടു പോകും. സഭയുടെ 41 നേതാക്കൾ നേതൃത്വം നൽകുന്ന പ്രയാണത്തിന് നൂറുകണക്കിന് സമുദായാംഗങ്ങൾ ഭജനയും പ്രാർത്ഥനയും ശരണ മന്ത്രങ്ങളുമായി പ്രയാണത്തിൽ അണിചേരും. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് വളരെ പ്രാധാന്യമേറിയ റോഡാണിത്. പാതയുടെ ആദ്ധ്യാത്മിക പ്രാധാന്യം മുൻനിർത്തിയാണ് ശബരിമല മണ്ഡലകാലത്തിനു മുൻപ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്.
വാർത്താ സമ്മേളനത്തിൽ ട്രഷറർ എം.ബി. രാജൻ, കമ്മിറ്റി അംഗങ്ങളായ ഉദയൻ മേനോത്ത്, കെ.ഡി. വിജയൻ, വനിതാ നേതാക്കളായ തങ്കമ്മ കോച്ചേരിൽ, ജയന്തി ഗംഗാധരൻ എന്നിവരും പങ്കെടുത്തു.