
പൊൻകുന്നം: മകളെയും മരുമകനെയും ചേർത്തുനിറുത്തി ഉമ്മയുടെ ചാക്കരമുത്തം... ചുറ്റുംകൂടിയവരുടെ കണ്ണുകളിൽ ആനന്ദക്കണ്ണീർ പെയ്ത നിമിഷം. പക്ഷേ എല്ലാം നിമിഷനേരംകൊണ്ട് തീവേദനയ്ക്ക് വഴിമാറുകയായിരുന്നു. മകളുടെ വിവാഹദിനത്തിൽ തന്നെ ഷീന ഷംസുദ്ദീൻ മരണത്തിലേക്ക് നടന്നകലുമ്പോൾ ഉറ്റവർക്ക് വല്ലാത്തൊരു മരവിപ്പ്. ഏതൊരമ്മയുടേയും എന്നപോലെ ഷീനയുടേയും വലിയ സ്വപ്നമായിരുന്നു മകളുടെ വിവാഹം. എല്ലാം മംഗളമായി നടന്നെങ്കിലും സുമംഗലിയായ മകളേയും മരുമകനേയും കണ്ട് കൊതിതീരും മുമ്പേയായിരുന്നു ഇളംപള്ളി കവലയിലുണ്ടായ വാഹനാപകടത്തിൽ പാണപിലാവ് ഗവ.സ്‌കൂളിലെ പ്രധാന അധ്യാപികകൂടിയായ ഷീന ഷംസുദ്ദീൻ മരണത്തിന് കീഴടങ്ങിയത്. ഭർത്താവ് എരുമേലി കൊച്ചാലുംമൂട്ടിൽ ഷംസുദ്ദീനും മകൻ നെബിൽ മുഹമ്മദ്ഷായും പരിക്കേറ്റ് ചികിത്സയിലാണ്. ഞായറാഴ്ചയായിരുന്നു മകൾ നെഫ്ലയുടെ വിവാഹം. ഒരുദിവസം പോലും മകളെ പിരിഞ്ഞിരുന്നിട്ടില്ലാത്ത ആ അമ്മയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഷംസുദ്ദീനും മകൻ നെബിലും ഷീനയേയും കൂട്ടി വരന്റെ വീട്ടിലേക്ക് പോയത്. കോട്ടയം കുടയംപടി സ്വദേശി ഷെമീമാണ് വരൻ. കുടയംപടിയിൽ വരന്റെ വീട്ടിലെ സത്ക്കാരത്തിൽ പങ്കെടുത്ത് ഏറെ സന്തോഷത്തോടെയാണ് ഷീന യാത്രപറഞ്ഞിറങ്ങിയത്. അത് അന്ത്യയാത്രയാകുമെന്ന് ആരും കരുതിയില്ല.
കണ്ണുതെറ്റി, കുഴിയിൽ പതിച്ചു
വാഴൂർ പതിനേഴാം മൈൽ ഇളംപള്ളി കവലയിലെ അപകടാവസ്ഥ സംബന്ധിച്ച് ഇന്നലെ കേരളകൗമുദി വാർത്ത പ്രദ്ധീകരിച്ചിരുന്നു. ക്രാഷ് ബാരിയർ ഉൾപ്പെടെ സുരക്ഷാസംവിധാനം ഒരുക്കണമെന്നും വാർത്തയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് സ്ഥിരം അപകടമേഖലയാണ്. ഷീനയുടെ ജീവനെടുത്ത അപകടത്തിൽ കാർ നിയന്ത്രണംവിട്ട് ഹൈവേയിൽ നിന്നും 30അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. കേരളകൗമുദി വാർത്ത ഉൾപ്പെടെ ഉയത്തിക്കാട്ടി സ്ഥലത്ത് സുരക്ഷാസംവിധാനം ഒരുക്കണമെന്ന് ആവശ്യം ഇതിനകം വീണ്ടും ശക്തമായിട്ടുണ്ട്.