കാവുംകണ്ടം: കടനാട്, കാവുംകണ്ടം, നീലൂർ വഴി തൊടുപുഴയ്ക്ക് പുതിയ കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചു. യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രദേശവാസികൾ പാലാ കെ.എസ്.ആർ.ടി.സി ഡിപ്പോ മാനേജർക്ക് പരാതി നൽകിയിരുന്നു. പ്രദേശവാസികളുടെ നീണ്ട കാത്തിരിപ്പിനുശേഷം മാണി സി.കാപ്പൻ എം.എൽ.എയുടെ നിർദ്ദേശാനുസരണമാണ് പുതിയ കെ.എസ്.ആർ.ടി.സി. ബസ് സർവീസ് ആരംഭിച്ചത്.
കടനാട്, കാവുംകണ്ടം പ്രദേശങ്ങളിലേക്ക് ആവശ്യാനുസരണം ബസുകൾ ഇല്ലാത്തതിനാൽ കിലോമീറ്റർ സഞ്ചരിച്ചു വേണം ബസിൽ കയറാൻ. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും ജോലി കഴിഞ്ഞ് മടങ്ങി വരുന്നവർക്കും വൈകുന്നേരത്തെ ബസ് സർവീസ് ഇല്ലാത്തതിനാൽ വളരെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. കെ.എസ്.ആർ.ടി.സിയുടെ വൈകുന്നേരത്തെ പുതിയ ട്രിപ്പ് യാത്രാക്ലേശത്തിന് താൽക്കാലിക പരിഹാരമാകും.
ബസ് അനുവദിച്ച മാണി.സി.കാപ്പൻ എം.എൽ.എയേയും കെ.എസ്.ആ ർ.ടി.സി ഉദ്യോഗസ്ഥരായ തോമസ് മാനുവൽ, സന്തോഷ് എന്നിവരെയും പ്രദേശവാസികൾ അഭിനന്ദിച്ചു. കാവുംകണ്ടം പള്ളി വികാരി ഫാ. സ്‌കറിയ വേകത്താനം ഹാരമണിയിച്ച് ബസിനെ സ്വീകരിച്ചു. ബിനു വള്ളോംപുരയിടം, സിബി അഴകൻപറമ്പിൽ, ജോയി കറിയനാൽ, ജോണി കോഴിക്കോട്ട് തുടങ്ങിയവർ പ്രസംഗിച്ചു.