വൈക്കം: മദ്യലഹരിയിൽ ആനയുമായി റോഡിലൂടെ എത്തിയ പാപ്പാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആനയായ തിരുനക്കര ശിവന്റെ രണ്ടാം പാപ്പാൻ നവീനെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകിട്ട് 5 ഒാടെയാണ് സംഭവം. പകൽ തോട്ടകം ഭാഗത്തെ ഒരു വീട്ടിൽ ആനയെ തളച്ച് സുഹൃത്തുക്കളുമായി മദ്യപിച്ച ശേഷം വൈകിട്ട് തിരികെ പോരുമ്പോൾ നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസെത്തുമ്പോൾ ആനയുടെ മുകളിലായിരുന്നു നവീൻ. ആനയെ വൈക്കം മഹാദേവക്ഷേത്രത്തിൽ തളച്ച ശേഷം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യ പരിശോധന നടത്തി കേസെടുത്ത് വിട്ടയച്ചു.
തിരുനക്കര ശിവന് നിലവിൽ ഒന്നാം പാപ്പാനില്ല. രണ്ടാം പാപ്പാൻ നവീനും സഹായിയുമാണ് ആനയ്‌ക്കൊപ്പമുള്ളത്.
വൈത്തഷ്ടമിക്ക് മുന്നോടിയായുള്ള പുളളി സന്ധ്യവേലയുടെ എഴുന്നള്ളത്തുകൾക്കായാണ് തിരുനക്കര ശിവൻ വൈക്കത്തെത്തിയത്. ഇന്ന് മുതൽ ഒന്നിടവിട്ട നാല് ദിവസങ്ങളിലായാണ് സന്ധ്യവേല നടക്കുന്നത്.