ബ്രഹ്മമംഗലം: കാൽവഴുതി കിണറ്റിൽ വീണ എഴുപത്തിയൊമ്പതുകാരിയെ ഫയർഫോഴ്‌സ് എത്തുന്നത് വരെ കിണറ്റിൽ ഇറങ്ങി താങ്ങിനിർത്തി ജീവൻ രക്ഷിച്ച യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.കൃഷ്ണകുമാറിനെ ചെമ്പ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് വൃദ്ധ കാൽ വഴുതി വീട്ടുവളപ്പിലെ കിണറ്റിൽ വീണത്. ശംബ്ദം കേട്ട് വീട്ടുകാരും തുടർന്ന് അയൽക്കാരും ഓടിയെത്തി. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റും കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റിയംഗവും ഇവരുടെ അയൽവാസിയുമായ കെ.കെ കൃഷ്ണകുമാർ ഉടൻ കിണറ്റിൽ ഇറങ്ങി വൈക്കത്ത് നിന്നും ഫയർഫോഴ്‌സ് എത്തുന്നത് വരെ ഇവരുടെ തല വെള്ളത്തിൽ നിന്നും ഉയർത്തിപ്പിടിച്ച് നിന്നാണ് ജീവൻ രക്ഷിച്ചത്. സഹായത്തിനായി സമീപവാസിയായ പൊറുത്തുമുറിയിൽ മോഹനനും കിണറ്റിൽ ഇറങ്ങി. തുടർന്ന് ഫയർഫോഴ്‌സ് എത്തി കപ്പിയും കയറും ഉപയോഗിച്ച് വലയിൽ കയറ്റിയാണ് വൃദ്ധയെ കരയ്ക്ക് എത്തിച്ചത്.
അനുമോദന ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ.ഷിബു കൃഷ്ണകുമാറിനെ പൊന്നാട അണിയിച്ചു. ബ്ലോക്ക് ജനറൽ സെക്രട്ടറി എസ്.ജയപ്രകാശ്, ഷാജി പുഴവേലിൽ, എസ്.ശ്യാംകുമാർ, അഡ്വ.പി.വി.സുരേന്ദ്രൻ, കെ.ഡി.സന്തോഷ്‌കുമാർ, രാഗിണി ഗോപി, ഓമന പാലക്കുളം, ടി.പി. അരവിന്ദാക്ഷൻ, സി.യു.എബ്രഹാം, ബി. രവീന്ദ്രൻ , എം.തോമസ്, കെ.ആർ.ജയരാജ് തുടങ്ങിയവർ പങ്കെടുത്തു.